പാട്‌ന: എന്‍ഡിഎയില്‍ പ്രശ്‌നങ്ങളില്ലെന്നും എല്ലാം നന്നായി പോകുന്നുവെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിക്കെതിരെ ജെഡിയു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് നിതീഷിന്റെ പ്രതികരണം. അന്തരിച്ച ബിജെപി നേതാവ് നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടാതെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായതെന്നും കിഷോര്‍ ട്വിറ്ററിലും കുറിച്ചു. കേന്ദ്രം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തെയും അദ്ദേഹം എതിര്‍ത്തിരുന്നു. ഇതോടെയാണ് പ്രശാന്ത് കിഷോറിനെതിരെ നിതീഷ് തന്നെ നേരിട്ട് രംഗത്തെത്തിയത്.
പ്രശാന്തിനെതിരെ സുശീല്‍ കുമാര്‍ മോദിയും ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതെന്നു സുശീല്‍ മോദി കുറിച്ചു. രാഷ്‌ട്രീയ ആശയങ്ങളില്ലാത്തവരാണ് ധര്‍മത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അവരാണ് പൗരത്വ നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ താത്പര്യങ്ങള്‍ക്ക് ദോഷമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















