ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനും നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞുവയ്‌ക്കാനുള്ള ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കുമെതിരെ പ്രതിഷേധിക്കുന്ന ജസ്റ്റിസ് (റിട്ട.) മദന്‍ ബി. ലോക്കൂറിന്റെ പൊയ്‌മുഖം അഴിഞ്ഞു. ആസാമിലെ ഗോപാല്‍പുരയില്‍ വലിയ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ പണിയുന്നത് വേഗത്തിലാക്കാന്‍ മുന്‍പ് ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിയാണ് മദന്‍ ബി. ലോക്കൂര്‍. അദ്ദേഹമാണ് ഇപ്പോള്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കെതിരെ പ്രതികരിക്കുന്നത്.
ഗോപാല്‍പുരയിലെ ഡിറ്റന്‍ഷന്‍ സെന്ററുകളുടെ പണി വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് മദന്‍ ബി. ലോക്കൂര്‍ 2018ല്‍ നിരവധി ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ജയില്‍ പരിഷ്‌കരണം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ആസാമിലേതടക്കം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചത്. ഇന്ന് സെന്ററുകള്‍ക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഒന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല.
2018 സപ്തംബര്‍ 12ന് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ്: ”ഒരൊറ്റ സംസ്ഥാനവും ഡിറ്റന്‍ഷന്‍ സെന്ററുകള്‍/ ക്യാമ്പുകള്‍/ തടഞ്ഞുവയ്‌ക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടില്ല എന്നതില്‍ ഞങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ല. വന്‍തോതില്‍ അനധികൃത കുടിയേറ്റക്കാരുള്ള/വിദേശ പൗരന്മാരുള്ള ആസാം പോലും ദൗര്‍ഭാഗ്യവശാല്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ തുടങ്ങിയിട്ടില്ല. കേന്ദ്രം 46.51 കോടി രൂപ അനുവദിച്ച സാഹചര്യത്തില്‍ ആസാം, ഇവയുടെ പണി വേഗത്തിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”
ഈ സമയത്താണ് ഗോപാല്‍പുരയില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ പണിയുന്നുണ്ടെന്ന് കോടതിയെ അറിയിച്ചത്. ഉടന്‍ മദന്‍ ബി. ലോക്കൂര്‍ ഇങ്ങനെ പറഞ്ഞു: ”ആസാം ഇത് വേഗത്തില്‍ പണിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”. ഗുവാഹതിയിലെ പഴയ ജയിലുകള്‍ ഡിറ്റന്‍ഷന്‍ സെന്ററുകളാക്കാന്‍ സാധിക്കുമോയെന്ന് ആരായാന്‍ ഞങ്ങള്‍ സോളിസിറ്റര്‍ ജനറലിനോട് (അന്ന് തുഷാര്‍ മേത്ത) അഭ്യര്‍ഥിക്കുന്നു, കോടതി പറഞ്ഞു. ഈ സമയത്തൊന്നും ജസ്റ്റിസ് ലോക്കൂര്‍ ഒരു തര്‍ക്കവും ഉന്നയിച്ചില്ല.
സപ്തംബര്‍ 20നുള്ള ഉത്തരവിലും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ വേഗത്തിലാക്കാന്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങളാണ് കോടതി തേടിയത്.
ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാന്വല്‍ തയാറാക്കാനും അന്ന് ജസ്റ്റിസ് ലോക്കൂര്‍ നിര്‍ദേശിച്ചു. മാത്രമല്ല തടഞ്ഞുവയ്‌ക്കുന്ന രീതിയെപ്പറ്റി അന്ന് കേന്ദ്രത്തോടോ സംസ്ഥാനത്തോടോ കോടതി വിശദീകരണം തേടിയുമില്ല.
അതേ വര്‍ഷം ഒക്‌ടോബര്‍ 31നും ലോക്കൂര്‍ ഗോപാല്‍പുരയിലെ ഡിറ്റന്‍ഷന്‍ സെന്ററുകളുടെ കാര്യം വിശദമായി തിരക്കി. നവംബര്‍ രണ്ടിനും ഗോപാല്‍പുരയിലെ പുതിയ ഡിറ്റന്‍ഷന്‍ സെന്ററിന്റെ കാര്യം കോടതി രേഖപ്പെടുത്തി. സമയക്രമം പാലിച്ച് ഇത് പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു. ഈ അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് ഇപ്പോള്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കെതിരെ തിരിഞ്ഞത്.
















