ന്യൂദല്‍ഹി: ദോക്‌ലാമിലെ 19.72 കിലോമീറ്റര്‍ നീളമുള്ള പ്രധാന റോഡുള്‍പ്പെടെ 2019ല്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പുനര്‍നിര്‍മിച്ചത് അതിര്‍ത്തിയിലെ 60,000 കിലോമീറ്റര്‍ റോഡുകള്‍. ഇന്ത്യയുടെ അതിര്‍ത്തിയിലെ റോഡ് ശൃംഖലയുടെ പരിപാലനത്തിനും വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ബിആര്‍ഒ, ചില സൗഹൃദ അയല്‍ രാജ്യങ്ങളില്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
2019 ല്‍, റോഡുകള്‍ക്ക് പുറമെ, അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപമുള്ള ബുദ്ധിമുട്ടുള്ളതും വിദൂരവുമായ പ്രദേശങ്ങളില്‍ പ്രധാന പാലങ്ങളും 19 എയര്‍ഫീല്‍ഡുകളും രണ്ട് തുരങ്കങ്ങളും ബിആര്‍ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തന്ത്രപ്രധാനപരമായ ദോക്‌ലാം താവളത്തിലെത്താന്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിക്കുന്ന 19.72 കിലോമീറ്റര്‍ ഭീം ബേസ്-ദോക്‌ലാം റോഡ് നിര്‍മാണം ഈ വര്‍ഷത്തെ ബിആര്‍ഒയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. സിക്കിമിലെ തര്‍ക്കത്തിലുള്ള ദോക്‌ലാം പീഠഭൂമിയിലെത്താന്‍ ഇപ്പോള്‍ 40 മിനിറ്റ് മാത്രമേ എടുക്കൂ. മുമ്പ് ഇവിടെക്ക് എത്താന്‍ 7 മണിക്കൂര്‍ എടുക്കുമായിരുന്നു.
ഏതുകാലവസ്ഥയിലും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാനാക്കുന്ന റോഡാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. ലോഡ് കൊണ്ടുപോകാന്‍ സാധിക്കുന്ന പൂര്‍ണമായും ടാര്‍ ചെയ്ത റോഡുകൂടിയാണ്. 2017 ല്‍ ദോക്‌ലാമില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യന്‍ സൈന്യം സംഘര്‍ഷാവസ്ഥയിലായിരുന്നപ്പോള്‍, ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവിടെയെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതെതുടര്‍ന്നാണ് ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കിയത്.
ബ്രഹ്മപുത്ര നദിയില്‍ വെള്ളത്തിനടിയിലുള്ള തുരങ്കവും ബിആര്‍ഒ വികസിപ്പിക്കുന്നു. 61 ഇന്തോ-ചൈന അതിര്‍ത്തി റോഡുകള്‍ വികസിപ്പിക്കാനുള്ള ചുമതലയും ബിആര്‍ഒയ്‌ക്ക് നല്‍കി. ഈ പദ്ധതിയിലുടെ 3,346 കിലോമീറ്റര്‍ വീഥിയാണ് തയ്യാറാക്കുന്നത്.
















