കൊച്ചി: യുഎപിഎ ചുമത്തപ്പെട്ട താഹയുടേയും അലന്‍ ഷുഹൈബിന്റെയും കേസ് എന്‍ഐഎ ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം. സംസ്ഥാന ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും എന്‍ഐഎ അയച്ച കത്തിന്റെ പകര്‍പ്പ് ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടു. എന്‍ഐഎ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്നതാണ് അലന്‍ ഷുഹൈബിനും താഹയ്‌ക്കുമെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ. അതിനാല്‍ കേസ് എന്‍ഐഎ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
2008ലെ എന്‍ഐഎ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് കത്തില്‍ പറയുന്നു. അതുകൊണ്ട് ഡിസംബര്‍ 16ന് കേസ് എന്‍ഐഎ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും എന്‍ഐഎ ഡയറക്ടര്‍ ജനറലിനും കത്തയച്ചത്. കേസ് അന്വേഷണം എന്‍ഐഎയ്‌ക്കു വിടുന്നത് കേന്ദ്രസര്‍ക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍നിന്ന് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.
















