ശബരിമല: ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീര്‍ത്ഥാടകരെ ദേഹോപദ്രവം ഏൽപ്പിക്കുന്ന പോലിസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ശരണ പാതയില്‍ മാധ്യമ ശ്രദ്ധ അതികം പതിയാത്ത മരക്കൂട്ടത്തും ശരംകത്തിയിലുമാണ് പോലീസിന്റെ പ്രാകൃത രൂപത്തിലുള്ള നിയന്ത്രണം. വ്രതം നോറ്റെത്തുന്ന തീര്‍ത്ഥാടകര്‍ മണിക്കുറുകള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തനുമായി ക്യൂവിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ ലാത്തിയുടെ ചൂട് ഏല്‍ക്കേണ്ടിവരുന്നത്.
കുട്ടികളെന്നോ പ്രായമായ മാളികപ്പുറങ്ങളെന്നോ വിവേചനമില്ലാതെയാണ് തീര്‍ത്ഥാടകര്‍ക്കുനേരെയുള്ള പോലീസിന്റെ കാടന്‍ മനോഭാവം ഉണ്ടാകുന്നത്. പൊലീസിന്റെ ബലപ്രയോഗത്തിന് കൂടുതലും ഇരയാകുന്നത് അന്യസംസ്ഥാനത്തുനിന്ന എത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ്. ഇവര്‍ പൊലിസിനെതിരെ പരാതി നല്‍കാന്‍ മടിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നുണ്ട്.
ശബരിമല ഡ്യൂട്ടിക്കെത്തിയ മൂന്നാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. നേരത്തെ ഡ്യൂട്ടിക്കെത്തിയ കഴിഞ്ഞ രണ്ട് ബാച്ച് പൊലീസും തീര്‍ത്ഥാടകര്‍ക്ക് വേണ്ട ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. എന്നാല്‍ മൂന്നാം തവണ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്.
















