തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്തപ്രക്ഷോഭത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത. ഈ ഭിന്നത ആളിക്കത്തിക്കാന്‍ വഴിമരുന്നിട്ട് സിപിഎം. ഇതോടെ സംസ്ഥാന കോണ്‍ഗ്രസ് വെട്ടിലായി. സിപിഎമ്മുമായി സംയുക്ത സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിക്കുകയും ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രശംസിക്കുകയുമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ചെയ്തത്. തൊട്ടു പിന്നാലെ കോണ്‍ഗ്രസ്സില്‍ വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം മുല്ലപ്പള്ളിക്കെതിരെ തിരിഞ്ഞു.
ശബരിമല പ്രശ്നത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ആര്‍എസ്എസ്സുമായി യോജിച്ച് കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന് സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് സങ്കുചിതമാണെന്നാണ് സിപിഎം വിമര്‍ശനം. സങ്കുചിതമായ സിപിഎം വിരുദ്ധ നിലപാട്, കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണെന്നും സിപിഎം പറയുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് തുടങ്ങിയവരില്‍ പ്രതീക്ഷയുണ്ടെന്നുള്ള ഒളിയമ്പും സിപിഎം തൊടുത്തുവിട്ടിട്ടുണ്ട്. മതനിരപേക്ഷമായ ഉള്ളടക്കത്തോടെ വിപുലമായ ജനകീയ പ്രക്ഷോഭത്തിന്റെ കാഴ്ച്ചപ്പാടോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് നേതാക്കളും ഡിസംബര്‍ 16ന് മഹാസത്യഗ്രഹം സംഘടിപ്പിച്ചത്. ഇതിന് സഹായകകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും ഉമ്മന്‍ചാണ്ടിയുടെയും മുസ്ലിംലീഗ് നേതൃത്വത്തിന്റേയും നിലപാട് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും കൈകോര്‍ക്കണമെന്നും സിപിഎം ആഹ്വാനം ചെയ്യുന്നു.
എ ഗ്രൂപ്പ് നേതാവ്കൂടിയായ ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ചിട്ടുമുണ്ട്.മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്. അതാണ് ഈ നാട് ആഗ്രഹിക്കുന്നതെന്നും സിപിഎം പറയുന്നു. ഡിസംബര്‍ 16ന്റെ തുടര്‍ച്ചയായ ജനുവരി 26ലെ മനുഷ്യചങ്ങലയില്‍ എല്ലാവരും യോജിക്കണമെന്ന ആഹ്വാനവും ഉണ്ട്. ഇനി ഒരുമിച്ച് പ്രക്ഷോഭത്തിന് ഇല്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തുണ്ട്. മുന്‍ നിരയിലുള്ളത് വി.ഡി. സതീശനാണ്.
ദല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരിക്കും സോണിയയ്ക്കും ഒരുമിച്ച് രാഷ്ട്രപതിയെകണ്ട് പരാതി പറയാമെങ്കില്‍ കേരളത്തില്‍ പിണറായി വിജയനും രമേശ് ചെന്നിത്തലയും കൈകോര്‍ത്താലും ഒരുചുക്കും സംഭവിക്കില്ലെന്നാണ് വി.ഡി. സതീശന്റെ നിലപാട്. സംയുക്ത പ്രക്ഷോഭത്തെ ചൊല്ലി കലുഷിതമായ ദിവസങ്ങളാകും കോണ്‍ഗ്രസ്സിന് നേരിടേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: