മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് നിരവധി യുവതാരങ്ങളെ പരിശീലിപ്പിച്ച സമ്മാനിച്ച ഒരാളാണ് ഇന്ത്യന്‍ മുന്‍ താരവും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ എത്തിയവരാണ്. എന്നാല്‍, അതിനൊപ്പം തന്റെ പരിശീലനം വീട്ടിലും തുടര്‍ന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നു. അണ്ടര്‍ 14 ഇന്റര്‍ സോണല്‍ ടൂര്‍ണമെന്റില്‍ ഇരട്ട ശതകം കുറിച്ചാണ് ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ ഏറ്റു വാങ്ങിയത്. 250 പന്തില്‍ നിന്ന് 22 ഫോറിന്റെ അകമ്പടിയോടെയാണ് വലംകയ്യന്‍ ബാറ്റ്‌സ്മാനായ സമിത് 201 റണ്‍സ് കുറിച്ചത്. വൈസ് പ്രസിഡന്റ്‌സ് ഇലവന് വേണ്ടിയായിരുന്നു സമിത്തിന്റെ ഇന്നിങ്‌സ്.
പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സ് നേടി പുറത്താവാതേയും നിന്നു. ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും സമിത് തന്റെ കഴിവ് തെളിയിച്ചു. 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഇന്ത്യയുടെ വന്‍മതിലിന്റെ മകന്‍ കളിയില്‍ വീഴ്‌ത്തിയത്. ഇത്ര ചെറുപ്രായത്തില്‍ തന്നെ രാഹുല്‍ ദ്രാവിഡിന്റെ മകനില്‍ നിന്നും ഇങ്ങനെയൊരു പ്രകടനം വന്നതില്‍ അതിശയിക്കാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സമിത് ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താന്‍ പോകുന്ന നാളുകളാണ് ഇനിയെന്നും ക്രിക്കറ്റ് പ്രേമികള്‍ പറയുന്നു.
















