കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ് വിലയേറിയ വിദേശതാരമായി. വാശിയേറിയ ലേലത്തില്‍ 15.50 കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കമിന്‍സിനെ സ്വന്തമാക്കി. ദല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും കമിന്‍സിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത വിട്ടുകൊടുത്തില്ല. രണ്ട് കോടിയായിരുന്നു കമിന്‍സിന്റെ അടിസ്ഥാന വില. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സിന്റെ റെക്കോഡാണ് കമിന്‍സ് തകര്‍ത്തത്. 2017 ലെ ഐപിഎല്‍ ലേലത്തില്‍ ബെന്‍ സ്‌റ്റോക്‌സിനെ 14.5 കോടിക്കാണ് റൈസിങ് പൂനെ സൂപ്പര്‍ജയന്റ് സ്വന്തമാക്കിയത്.
കമിന്‍സിന്റെ സഹതാരവും ഓള്‍ റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെ്ല്ലിനും ലേലത്തിന് വന്‍ തുക ലഭിച്ചു. 10.75 കോടി രൂപയ്‌ക്കാണ് ഈ ഓസ്‌ട്രേലിയന്‍ താരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറീസിനെ പത്ത് കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി.
മറ്റൊരു ഓസീസ് പേസറായ നഥാന്‍ കോള്‍ട്ടര്‍ നൈലിനെ എട്ട് കോടിക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. നൈലിന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു.ഇന്ത്യയില്‍ പര്യടനം നടത്തുന്ന വിന്‍ഡീസ് ടീമിലെ പേസര്‍ ഷെല്‍ഡണ്‍ ക്രോട്രലിനെ കിങ്‌സ് ഇലവന്‍ സ്വന്തമാക്കി. അമ്പത് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കോട്രലിനെ 8.5 കോടിക്കാണ് കിങ്‌സ് ഇലവന്‍ ടീമിലെത്തിച്ചത്. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറെ 7.75 കോടിക്ക് ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.
ഇംഗ്ലണ്ടിന്റെ മോര്‍ഗനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലേലത്തില്‍ പിടിച്ചു. ഒന്നരക്കോടി അടിസ്ഥാന വിലയുണ്ടായിരുന്ന മോര്‍ഗനെ 5.25 കോടിക്കാണ് കൊല്‍്ക്കത്ത വാങ്ങിയത്. മറ്റൊരു ഇംഗ്ലീഷ് താരമായ സാം കറനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 5.5 കോടി്ക്ക് ടീമിലെത്തിച്ചു. സാം കറന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു.ഇന്ത്യന്‍ താരങ്ങളില്‍ പിയൂഷ് ചൗളയ്‌ക്ക് ചൗളയ്‌ക്ക് 6.75 കോടി ലഭിച്ചു. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ചൗളയെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. രഞ്ജിയില്‍ കേരളത്തിന് കളിക്കുന്ന റോബിന്‍ ഉത്തപ്പയെ (മൂന്ന് കോടി) രാജസ്ഥാന്‍ റോയല്‍സും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയിയെ (ഒന്നരക്കോടി) ദല്‍ഹി ക്യാപ്റ്റല്‍സും ടീമിലെത്തിച്ചു.
















