സംഗ്രൂര്‍: കേരളത്തിന്റെ ആന്‍സി സോജന് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ സ്വര്‍ണം. 100, 200 മീറ്ററിന് പിന്നാലെ ലോങ് ജമ്പില്‍ ആന്‍സി മീറ്റ് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. 6.26 മീറ്റര്‍ ചാടിക്കടന്നാണ് ആന്‍സി പുത്തന്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്്. മഹാരാഷ്‌ട്രയുടെ രുദ പദ്കര്‍ 2011 സ്ഥാപിച്ച 6.05 മീറ്ററിന്റെ റെക്കോഡാണ് വഴിമാറിയത്. ഇതോടെ മീറ്റിലെ ആദ്യ ട്രിപ്പിള്‍ സോജന് സ്വന്തമായി.
നേരത്തെ 200 മീറ്റര്‍ 24.3 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സോജന്‍ മീറ്റിലെ തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയിലും ആന്‍സി ലോങ് ജമ്പില്‍ 6.24 മീറ്റര്‍ ചാടി മീറ്റ് റെക്കോഡ് സ്ഥാപിച്ചിരുന്നു.തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആന്‍സി. ഇടപ്പള്ളി വീട്ടില്‍ സോജന്റെയും നാന്‍സിയുടെയും മകള്‍.
മീറ്റിന്റെ നാലാം ദിനത്തില്‍ കേരളം മികച്ച പ്രകടനമാണ് നടത്തിയത്. നാല് സ്വര്‍ണവും നാല് വെള്ളിയും അഞ്ചു വെങ്കലവും കേരളാ താരങ്ങള്‍ നേടി.
ആണ്‍കുട്ടികളുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ എ. രോഹിത് മീറ്റ് റെക്കോഡോടെ സ്വര്‍ണം ഓടിയെടുത്തു. കണ്ണൂര്‍ സ്വദേശിയായ രോഹിത് പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടികളുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ആര്‍. ആരതി സ്വര്‍ണം നേടി.
പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍ റോസ് ടോമി , പോള്‍വാള്‍ട്ടില്‍ ബ്ലെസി കുഞ്ഞുമോന്‍, ഹാമര്‍ ത്രോയില്‍ കെസിയ മറിയം ബെന്നി എന്നിവര്‍ കേരളത്തിനായി വെള്ളി നേടി. ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അലന്‍ ബിജുവും വെള്ളി കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ക്രോസ്്കണ്‍ട്രിയില്‍ കെപി സനിക 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദിത്യ ലോങ്ങ് ജമ്പില്‍ പിഎസ് പ്രഭാവതി ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍കെ സൂര്യജിത്ത് ലോങ്ജമ്പില്‍ ടി.ജെ ജോസഫ് എന്നിവര്‍ വെങ്കലം നേടി.
ഇന്നലെ എട്ട് റെക്കോഡുകള്‍ പിറന്നു. ഇതോടെ മൊത്തം റെക്കോഡുകളുടെ എണ്ണം പതിനഞ്ചായി. അവസാന ദിനമായ ഇന്ന് ആറു ഫൈനലുകള്‍ നടക്കും.
















