ചെന്നൈ: അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുണ്ടാകുമെന്ന്് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ല. അടുത്ത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കായി ധോണി കളിച്ചേക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ധോണി അവസാനമായി കളിച്ചത്.
ക്രിക്കറ്റില്‍നിന്ന് താത്ക്കാലികമായി അകന്നുനില്‍ക്കുന്ന താരം ട്വന്റി20 ലോകകപ്പിന് മുമ്പുതന്നെ വിരമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ സഹതാരം കൂടിയായ ബ്രാവോയുടെ പുതിയ പ്രസ്താവന.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ച ബ്രാവോ ട്വന്റി20യില്‍ തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വന്റി20 ലോകകപ്പില്‍ കളിക്കാനുള്ള താത്പര്യവും താരം പ്രകടിപ്പിച്ചിരുന്നു. അടുത്ത ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ്. ആരോഗ്യപരമായി പ്രശ്‌നമില്ലെന്നും കളത്തിനുപുറത്തുള്ള ചില സാഹചര്യമാണ് വിരമിക്കാന്‍ പ്രേരിപ്പിച്ചതെന്നും ബ്രാവോ പറഞ്ഞു. വിന്‍ഡീസ് ക്രിക്കറ്റിന്റെ അകത്തും പുറത്തും അധികാര കൈമാറ്റം നടന്നതോടെ ടീമിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു.
കഴിവും ശക്തിയുമുള്ള യുവ ടീമാണ് വിന്‍ഡീസിന്റേത്. യുവ താരങ്ങളുടെ കഴിവ് കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ വിന്‍ഡീസിന് കിരീടം നേടാനാകും. മുതിര്‍ന്ന താരങ്ങളായ ആന്ദ്രെ റസലും സുനില്‍ നരെയ്‌നും ടീമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. നായകന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെയും പരിശീലകന്‍ ഫില്‍ സിമ്മണ്‍സിന്റെയും കീഴില്‍ വിന്‍ഡീസ് മികച്ച പ്രകടനം നടത്തുന്നു. ടീമില്‍ തിരിച്ചെത്തി വിന്‍ഡീസിനെ കിരീടത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബ്രാവോ പറഞ്ഞു. 2012ലും 2016ലും വിന്‍ഡീസ് ട്വന്റി20 കിരീടം നേടയപ്പോള്‍ ബ്രാവോ ടീമിന്റെ ഭാഗമായിരുന്നു.
















