ഗ്വാങ്ഷൂ: ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ കെന്റോ മൊമൊറ്റയക്ക് ഈ വര്‍ഷത്തെ പതിനൊന്നാം ബാഡ്മിന്റണ്‍ കിരീടം ഒരു ജയം അരികെ. ലോക ടൂര്‍ ഫൈനല്‍സിന്റെ കലാശക്കളിയില്‍ മൊമൊറ്റ ഇന്ന് ഇന്ത്യോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിങ്ങിനെ നേരിടും.
തായ്‌വാന്റെ വാങ് സു വീയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് മൊമൊറ്റ ഫൈനലില്‍ കടന്നത്. ഫൈനലില്‍ ജയിച്ചാല്‍ മൊമൊറ്റയക്ക് ഈ വര്‍ഷത്തെ പതിനൊന്നാം കിരീടം സ്വന്തമാകും. നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യ ചാമ്പ്യന്‍ഷിപ്പ്, ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ മൊമൊറ്റ കിരീടം നേടിയിരുന്നു.
ലോക എട്ടാം നമ്പറായ ജിന്റിങ് ചൈനയുടെ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-15, 21-15.
വനിതകളുടെ ഫൈനലില്‍ ചൈനയുടെ ലോക രണ്ടാം നമ്പര്‍ ചെന്‍ യൂഫി തായ്‌വാന്റെ ടോപ്പ് സീഡ് തായ് സു യിങ്ങിനെ നേരിടും.
ജപ്പാന്റെ അകനെ യാമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്‍ ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-18, 21-9. തായ് സു സെമിയില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-15, 21-18.
















