തൃശൂര്‍: പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ഏഴാം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കം. രണ്ടു ദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ ഇന്നലെ നടന്ന എക്‌സി. കമ്മിറ്റി യോഗം റിട്ട. മേജര്‍ ജനറല്‍ ഡോ.പി. വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പിഎസ്എസ്പി സംസ്ഥാന പ്രസിഡന്റ് റിട്ട. നേവി ക്യാപ്റ്റന്‍ കെ. ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എബിപി എസ്എസ്പി ദേശീയ സെക്രട്ടറി റിട്ട. എയര്‍ കമഡോര്‍ എം.കെ. ഗാന്ധി, ദക്ഷിണ മേഖലാ പ്രഭാരി വേലായുധന്‍ കളരിക്കല്‍, പിഎസ്എസ്പി സംസ്ഥാന ട്രഷറര്‍ പി. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്ര രാജ്യരക്ഷാ സഹമന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്യും. കരസേന മുന്‍ ഉപമേധാവി റിട്ട. ലെഫ്. ജനറല്‍ എസ്. ശരത്ചന്ദ് അധ്യക്ഷനാകും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. 14 ജില്ലകളില്‍ നിന്നായി താലൂക്ക് ഉപരി പ്രവര്‍ത്തകര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരജവാന്മാരുടെ വിധവകളെയും പരിക്കേറ്റ് രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിച്ച സൈനികരെയും ആദരിക്കും. സംസ്ഥാനത്ത് പൂര്‍വസൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍, സൈനികരെ അപമാനിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവനകള്‍ നടത്തുന്ന രാഷ്‌ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ എന്നിവയെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.
പിഎസ്എസ്പി സംസ്ഥാന രക്ഷാധികാരി റിട്ട.ലെഫ്. കേണല്‍ കെ. രാമദാസ് പ്രമേയാവതരണം നടത്തും. സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് അനിത അജിത്, റിട്ട. വിങ് കമാന്‍ഡര്‍ പി.എന്‍.എസ്. നായര്‍, പിഎസ്എസ്പി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ. സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.
















