കോഴിക്കോട്: പൗരത്വ നിയമഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവും രാജ്യദ്രോഹവുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്, രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ലെന്ന് പറയുന്ന വിഘടനവാദ സംഘടനകളുടെ ശബ്ദത്തിന് സമാനമാണ്.
പൗരത്വബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയുമ്പോള്‍ കേരളത്തെ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി മാറ്റാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. ഫെഡറല്‍ സംവിധാനത്തിന് എതിരാണ് ഈ നിലപാട്. ബഹുരാഷ്‌ട്രവാദത്തിന്റെ പുനരാവിഷ്‌കാരമാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. കേരളം ഭാരതത്തിന്റെയാണോ അതോ പാക്കിസ്ഥാന്റെയോ ചൈനയുടെയോ ഭാഗമാണോ എന്ന് വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും അജണ്ടയാണ് മുഖ്യമന്ത്രി കേരളത്തില്‍ നടപ്പാക്കുന്നത്.
പൗരത്വ നിയമ ഭേദഗതി ബില്‍ മുസ്ലിം സമൂഹത്തിന് എതിരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ട് കേരളത്തില്‍ മതകലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
















