ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ന്യൂനപക്ഷ വിരുദ്ധം എന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആക്രോശിക്കുമ്പോള്‍ രാജ്യതലസ്ഥാനത്തിന്റെ ഒരു കോണില്‍ ന്യൂനപക്ഷങ്ങള്‍ ആഘോഷിക്കുന്നു.
പാക്കിസ്ഥാനില്‍ ഭൂരിപക്ഷത്തിന്റെ ക്രൂരത സഹിക്കാനാവാതെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ ഹിന്ദുക്കള്‍. ഇവര്‍ താമസിക്കുന്ന ന്യൂദല്‍ഹിയിലെ മഞ്ചു-കാ-തില പ്രദേശത്ത് ഇന്നലെ മുതല്‍ ആഹ്ലാദം അലയടിക്കുകയാണ്. ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കിയതിന്റെ ആഘോഷമാണത്. രാജ്യസഭയിലും ബില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.
പാക്കിസ്ഥാനിലെ സിന്ധില്‍ നിന്നെത്തിയ ദയാല്‍ ദാസിന് ഉറപ്പാണ് ഭാരത പൗരനായി ജീവിക്കാന്‍ കഴിയുമെന്ന്. 2013ലാണ് ദയാലും കുടുംബവും ഇവിടെ എത്തിയത്. ദയാലിന്റെ അച്ഛന്‍ രോഗാതുരനായിരുന്നു അന്ന്. ഇവിടെ വന്ന് അധികം വൈകാതെ അദ്ദേഹം മരിച്ചു.
ഇന്ത്യക്കാരനാവുന്നതിനെക്കുറിച്ച് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന് കിട്ടാതെപോയ പൗരത്വം എനിക്കു കിട്ടും എന്നാണ് പ്രതീക്ഷ, ദയാല്‍ പറഞ്ഞു. ലോക്‌സഭ പൗരത്വ ബില്‍ പാസാക്കിയതിനെ മഹത്തായ ദിനം എന്നാണ് ദയാല്‍ വിശേഷിപ്പിച്ചത്.
ആറു വര്‍ഷം മുമ്പ് ഇവിടെ വരുമ്പോള്‍ ആരും സഹായിച്ചില്ല. വീടുപോലും ഉണ്ടായിരുന്നില്ല. ചില ഹിന്ദു സംഘടനകളാണ് ഞങ്ങളെ സഹായിച്ചത്, ദയാല്‍ പറഞ്ഞു.
സിന്ധില്‍ നിന്നുതന്നെയാണ് സപ്‌നയും വന്നത്, 2005ല്‍. പൗരത്വ ബില്‍ പാസാവുമെന്ന പ്രതീക്ഷയിലാണ് സപ്‌നയും. ദല്‍ഹിക്കു പുറത്ത് ജിവിതമെന്നത് ചിന്തിക്കണമെങ്കില്‍ പൗരത്വം കിട്ടണം, സപ്‌ന പറയുന്നു. പാക്കിസ്ഥാനില്‍ ഞങ്ങള്‍ ന്യൂനപക്ഷമായിരുന്നു. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ ഞങ്ങളെ കാണാത്തതെന്തേ? സോനാ ദാസിന്റെ ചോദ്യം ഇങ്ങനെ.
സോനയും സപ്‌നയും ദയാലുമൊക്കെ കാത്തിരിക്കുകയാണ് പൗരത്വ ബില്‍ രാജ്യസഭയും കടക്കാന്‍, ഇന്ത്യക്കാരായി ജീവിക്കാന്‍.
















