ന്യൂദല്‍ഹി: ക്രിക്കറ്റില്‍ നിന്നു താത്കാലിക ഇടവേളയിലുള്ള ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റര്‍ മഹേന്ദ്ര സിങ് ധോണി പുതിയ പദ്ധതിയുടെ പണിപ്പുരയില്‍. ഇന്ത്യയുടെ അഭിമാനമായ സൈനികര്‍ക്കുള്ള ആദവിന്റെ ഭാഗമായി ഒരു ടെലിവിഷന്‍ സീരിസ് നിര്‍മിക്കുകയാണ് പാരച്യൂട്ട് റെജിമെന്റിന്റെ ടെറിട്ടോറിയല്‍ ആര്‍മിയിലെ ഓണററി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ ധോണി.
സ്റ്റുഡിയോ നെക്‌സ്റ്റുമായി ചേര്‍ന്നാണ് ധീരരായ ഇന്ത്യന്‍ സൈനികരുടെ കഥ ടെലിവിഷന്‍ സീരിസാകുന്നത്. പ്രധാനമായും പരംവീര്‍ ചക്ര, അശോക ചക്ര പുരസ്‌കാര ജേതാക്കളുടെ ധീരകഥകളാകും എപ്പിസോഡുകളായി സംപ്രേഷണം ചെയ്യുക. 2020ലാകും ടെലിവിഷന്‍ സീരിസ് റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ട്. ധോണി തന്നെയാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ധീരരായ സൈനികരുടെ സൈനിക ജീവിതവും വ്യക്തി ജീവിതവും സീരിസില്‍ പ്രതിപാദിക്കപ്പെടും. നിലവില്‍ സീരിസിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഷൂട്ടിങ്ങിന്റെ പ്രാരംഭ നടപടി ക്രമങ്ങള്‍ ആരംഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. 2019ലെ ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത ധോണി സൈനികപരീശിലനത്തിനായി കശ്മീരിലും പോയിരുന്നു. ക്രിക്കറ്റിലേക്കുള്ള മടക്കം സംബന്ധിച്ച ചോദ്യത്തിന് ജനുവരി ഒന്നും ചോദിക്കരുതെന്നായിരുന്നു ധോണിയുടെ മറുപടി.
















