ബെംഗളൂരു: കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃ സ്ഥാനം (സിഎല്‍പി) രാജിവച്ചു. ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജികാര്യം അറിയിച്ചത്. കനത്ത പരാജയത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും രാജിവച്ചു.
ജനവിധി അംഗീകരിക്കുന്നു. ഇത്തരത്തിലുള്ള ഒരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. അയോഗ്യരായ എംഎല്‍എമാരെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ജനവിധി മറിച്ചാണ് സംഭവിച്ചത്, സിദ്ധരാമയ്യ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്‌ക്കുന്നു. രാജിക്കത്ത് എഐസിസി പ്രസിഡന്റ് സോണിയ, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് ദിനേശ്ഗുണ്ടുറാവു എന്നിവര്‍ക്ക് നല്‍കിയതായും സിദ്ധരാമയ്യ പറഞ്ഞു.
കോണ്‍ഗ്രസ് നല്ല വിജയം പ്രതീക്ഷിച്ചിരുന്നു എന്നാണ് ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചത്. പക്ഷെ, ജനവിധി എതിരായി. എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാ
ര്‍ത്ഥികളെയാണ് നിര്‍ത്തിയത്. ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ജനവിധി എതിരായി. അതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതായും രാജികത്ത് സോണിയ ഗാന്ധിക്ക് അയച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി ബാക്കി സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.
സിദ്ധരാമയ്യയുടെ അടുപ്പക്കാരനായ ദിനേശ് ഗുണ്ടുറാവുവിനെ മാറ്റണമെന്ന ആവശ്യം സിദ്ധരാമയ്യ വിരുദ്ധ ചേരി ഏറെനാളായി മുന്നോട്ടു വയ്‌ക്കുന്നുണ്ട്. പാര്‍ട്ടി സംഘടനാ സംവിധാനം നിര്‍ജീവമായെന്നും സിദ്ധരാമയ്യയുടെ അജ്ഞാനുവര്‍ത്തി മാത്രമാണ് ദിനേശ് ഗുണ്ടുറാവുവെന്നുമാണ് എതിര്‍വിഭാഗം ഉന്നയിക്കുന്നത്. ഉപതെരഞ്ഞെടുപ്പു പരാജയത്തോടെ രാജിക്കായി പാര്‍ട്ടിയില്‍ കൂടുതല്‍ മുറവിളി ഉയരുമെന്ന് മുന്‍കൂട്ടി കണ്ടാണ് സിദ്ധരാമയ്യക്കു പിന്നാലെ ദിനേശ് ഗുണ്ടുറാവുവും രാജിവച്ചത്.
പരാജയം അംഗീകരിക്കുന്നു: ഡി.കെ. ശിവകുമാര്‍
ബെംഗളൂരു: പരാജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. പക്ഷെ, നിരാശയുടെ ആവശ്യമില്ല. ഉപതെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പും വ്യത്യസ്തമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇപ്പോഴും ശക്തമാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
















