ഹൈദരാബാദ്: തെലങ്കാനയിലെ ബലാത്സംഗ കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖര്‍ പ്രതികരണങ്ങളുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അഭിനന്ദനങ്ങളുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന് റെഡ്ഡി എത്തിയിരിക്കുകയാണ്.
പോലീസ് ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും ഈ സംഭവം സമൂഹത്തിന് തന്നെ നാണക്കേടായിരുന്നുവെന്നും ജഗന് മോഹന് റെഡ്ഡി കെ.സി.ആറിനയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതിനോട് പോലീസും നേതാക്കളും എങ്ങനെ പ്രതികരിക്കണമായിരുന്നു. നാം ഇക്കാര്യം സ്വയം ചോദിക്കേണ്ടതുണ്ട് ജഗന്‍ പറഞ്ഞു. തനിക്കും രണ്ട് പെണ്കുട്ടികളാണെന്നും ഒരു പിതാവെന്ന നിലയില് ഈ സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നും ജഗന്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളോട് താനെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്ക് ഇതല്ലാതെ ഏത് തരത്തിലുള്ള ശിക്ഷയാണ് നല്‍കേണ്ടതെന്നും അദേഹം സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.
ടി.വി ചാനലുകളില്‍ എന്തോ തെറ്റ് സംഭവിച്ചതായാണ് പറയുന്നത്. സിനിമയില്‍ നായകന് ആരെയെങ്കിലും ഏറ്റുമുട്ടലില്‍ വധിച്ചാല്‍ നമ്മള്‍ നല്ല സിനിമയെന്ന് പറഞ്ഞ് കയ്യടിക്കുമെന്നും ധൈര്യമുള്ള ഒരു മനുഷ്യന്‍ യഥാര്‍ഥ ജീവിതത്തില്‍ അത് നടപ്പിലാക്കുമ്പോള്‍ ചിലര്‍ മനുഷ്യാവകാശത്തിന്റെ പേരും പറഞ്ഞ് ദല്‍ഹിയില്‍ നിന്നിറങ്ങുമെന്നും ജഗന്‍ പറഞ്ഞു. അത്തരകാരാണ് ഇതിനെ തെറ്റായി പറയുന്നതെന്നും അദേഹം പറഞ്ഞു.
















