ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്‌റ്റേഴ്‌സ് കൂട്ടായ്‌മയായ എന്‍ബിഎഫ് (ന്യൂസ് ബ്രോഡ്കാറ്റേഴ്‌സ് ഫെഡെറേഷന്‍) ഗവേര്‍ണിംഗ് ബോര്‍ഡിന്റെ അധ്യക്ഷനായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക്ക് ടിവി മാനേജിംഗ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമി തെരെഞ്ഞെടുക്കപ്പെട്ടു. 25 സംസ്ഥാനങ്ങളില്‍ നിന്നും 14 ഭാഷകളിലായി പ്രവര്‍ത്തിക്കുന്ന 78ല്‍ അധികം വരുന്ന ചാനലുകളുടെ കൂട്ടായ്‌മയാണ് ന്യൂസ് ബ്രോഡ്കാറ്റേഴ്‌സ് ഫെഡെറേഷന്‍.
ഈ വര്‍ഷം ജൂലൈയില്‍ സ്ഥാപിതമായ ന്യൂസ് ബ്രോഡ്കാറ്റേഴ്‌സ് ഫെഡെറേഷന്‍ ആദ്യം 50 വാര്‍ത്താ ചാനലുകളുമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രക്ഷേപകരുടെ സംഘമായ എന്‍ബിഎഫ് തന്നോട് കാണിച്ച വിശ്വാസത്തില്‍ നന്ദിയുണ്ടെന്ന് തെരെഞ്ഞെടുക്കപ്പെട്ട ശേഷം അര്‍ണബ് പറഞ്ഞു. ഐക്യകണ്‌ഠേനയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷന്‍ രൂപീകരിക്കാന്‍ പോകുന്ന സ്വയം നിയന്ത്രണ സംവിധാനത്തെ നിയന്ത്രിക്കുന്നതടക്കമുള്ള ചുമതല ഇനി അധ്യക്ഷനായ അര്‍ണബിനായിരിക്കും.
















