ന്യൂദല്‍ഹി: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്. മുസ്ലീം രാഷ്‌ട്രങ്ങളില്‍ ഇന്ത്യന്‍ വംശജരും മറ്റ് ഇതര സമുദായക്കാരും നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. ഇവര്‍ക്ക് പോകാന്‍ വേറെ ഇടമില്ലാത്തതിനാല്‍ ഇന്ത്യയില്‍ അഭയം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷയത്തെ മതപരമായി കാണുന്നില്ല. എന്നാല്‍ പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ മുസ്ലിം രാഷ്‌ട്രങ്ങളാണ്. ഇന്ത്യയില്‍ വേരുകളുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, പാഴ്‌സികള്‍ തുടങ്ങിയ ന്യൂന പക്ഷക്കാര്‍ ഇവിടെ പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി ബില്ലും ഒന്നായി കാണരുതെന്നും ദേശീയ പൗരത്വ രജിസ്റ്ററിലൂടെ രാജ്യത്ത് എത്ര വിദേശികളാണ് താമസിക്കുന്നതെന്ന് കണ്ടെത്തുകയാണ് ചെയ്യുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
















