ലഖ്‌നൗ: ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ക്രൂരത തന്റെ ശരീരത്തിനു നേരെയുണ്ടായിട്ടും നീതി കിട്ടാന്‍ പൊരുതിയ പെണ്‍കുട്ടിയാണ് ഉന്നാവോയില്‍ കത്തിയമര്‍ന്നത്. ബിരുദധാരിയായ ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ക്രൂരന്മാര്‍ തന്നെയാണ് അവളെ ചുട്ടെരിച്ചതും.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയാമായിരുന്നിട്ടും അവള്‍ വീടുവിട്ടു പോയില്ല. മാനസികാസ്വാസ്ഥ്യമുള്ള ഇളയ സഹോദരന്റെ പരിചരണത്തിന് താന്‍ ഒപ്പമുണ്ടാവണമെന്നുറപ്പിച്ചിരുന്നു അവള്‍. പ്രതികളില്‍ ചിലര്‍ ജാമ്യത്തിലിറങ്ങിയെന്നറിഞ്ഞിട്ടും അവള്‍ റായ്ബറേലിയിലേക്ക് പോയത് കേസിന്റെ തുടര്‍ നടപടികള്‍ക്കായി അഭിഭാഷകനെ കാണാനാണ്.
സൂക്ഷിക്കണമെന്നു പറയുമ്പോഴൊക്കെ, പേടിക്കുന്നത് മരിക്കുന്നതിനു തുല്യമാണെന്ന് അവള്‍ പറയുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്റെ ഭാര്യ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ആ ഗ്രാമത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് നന്നായി അറിയാവുന്ന ഒരാള്‍ ഉള്‍പ്പെടെയുള്ളവരാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ നേരിട്ടു ചെന്ന് അവള്‍ പരാതി നല്‍കി. എഫ്‌ഐആര്‍ തയാറാക്കാന്‍ പോലും പോലീസ് തയാറായില്ല. മൂന്നു മാസങ്ങള്‍ക്കു ശേഷം റായ്ബറേലി കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്. പ്രതികളിലൊരാളായ ശിവവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. സുഹൃത്തുക്കള്‍ക്കൊപ്പം കാമുകന്‍ തന്നോട് ഈ ക്രൂരത ചെയ്യുമെന്ന് അവള്‍ ഒരിക്കലും കരുതിയില്ല.
















