തിരുവല്ല: മതില്‍ കോടിക്കല്‍ ശ്രീവിലാസത്തില്‍ എം.എസ്. കുമാര്‍ (ഓമനക്കുട്ടന്‍-72) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.48ന് ബെംഗളൂരു എം.എസ്. രാമയ്യ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11ന് എരൂര്‍ വീട്ടുവളപ്പില്‍. കഥാകൃത്ത്, നാടകകൃത്ത്, സംവിധായകന്‍ ചിത്രകാരന്‍ എന്നീ നിലകളില്‍ എണ്‍പതുകളില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു.
ഫാക്ട് നാടകവേദിയിലും തുടര്‍ന്ന് പോള്‍ കോമ്പാറയുമൊത്തും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തു. ബോധി എന്ന നാടകത്തിന് അക്കാലത്തെ പ്രശസ്തമായ ടാസ് പുരസ്‌കാരം ലഭിച്ചു. ശക്തമായ ആക്ഷേപ ഹാസ്യം തന്റെ രചനകളില്‍ പ്രതിഫലിപ്പിച്ചിരുന്ന കുമാര്‍ വലിയൊരു സുഹൃദ് വലയത്തിന് ഉടമയായിരുന്നു. എം.കെ.കെ. നായരുടെ കാലഘട്ടത്തില്‍ ഫാക്ടില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ സുവര്‍ണകാലമായി കരുതിയിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിന്റ്ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് പ്രേംനസീറിനെയും മകന്‍ ഷാനവാസിനെയും ആദ്യമായി തിരശീലയിലെത്തിക്കാന്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ദാഹിക്കുന്നവരുടെ വഴി എന്ന നോവല്‍ പഞ്ചപാണ്ഡവ ഫിലിംസിന്റെ ബാനറില്‍ അതേ പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ഷൂട്ടിങ്ങിനിടയില്‍ ഉപേക്ഷിച്ചു.
ഭാര്യ: തൃപ്പൂണിത്തുറ എരൂര്‍ ഗീതാലയത്തില്‍ ഗീത (റിട്ട. അധ്യാപിക കേന്ദ്രീയ വിദ്യാലയം, കൊച്ചി) മക്കള്‍: ഡോ. വിവേക് ശങ്കര്‍ (നോവാര്‍ട്ടിസ്, ഹൈദരാബാദ്), ഹരിശങ്കര്‍ (ദുബായ്). മരുമക്കള്‍: ശ്രുതി വിവേക് (ജിഎസ്‌കെ, ബെംഗളൂരു), വീണ ഹരി (ദുബായ്).
















