നാലാം അദ്ധ്യായം നാലാം പാദം
ബ്രഹ്മാധികരണം
ഇതില്‍ 3 സൂത്രങ്ങളുണ്ട്
സൂത്രം- ബ്രാഹ്മണേ ജൈമിനിരൂപന്യാസാദിഭ്യഃ
മുക്തനായ ആത്മാവ് ബ്രഹ്മത്തോട് ചേര്‍ന്ന് ഒന്നാവുന്നുവെന്ന് ശ്രുതികളിലെ ചര്‍ച്ചകളും നിരൂപണങ്ങളും കൊണ്ട് വ്യക്തമാക്കുന്നുവെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു. മുക്തനായാല്‍ പാപം നീങ്ങുന്നു. സര്‍വ്വജ്ഞത്വം, സര്‍വേശ്വരത്വം മുതലായ ഗുണങ്ങളോടെ പരമാത്മാവിനെ പ്രാപിക്കുന്നു. ശ്രുതിയില്‍ പറയുന്ന ഉപന്യാസം, വിധി, വ്യപദേശം എന്നിവയില്‍ നിന്ന് ഇതിനെ അറിയാനാകുമെന്നാണ് ജൈമിനി എന്ന ആചാര്യന്‍ പറയുന്നത്.
മുക്തപുരുഷന്‍ ബ്രഹ്മത്തിനോട് തുല്യ സ്വരൂപനാകുന്നു എന്ന് പറയുന്നു എന്നാല്‍ ബ്രഹ്മം ആയിത്തീരുന്നുവെന്ന് അദ്ദേഹം പറയുന്നില്ല. സൃഷ്ടിയില്‍ ദിവ്യരൂപമായും പ്രളയത്തില്‍ ക്ലേശമില്ലാതെയും ബ്രഹ്മ തുല്യനായിരിക്കുന്ന ബ്രഹ്മ വിദ്യോപാസകനെയാണ് മുക്ത പുരുഷനായി ജൈമിനി പറയുന്നത്.
സൂത്രം- ചിതി തന്മാത്രേണ തദാത്മകത്വാ ദിത്യൗഡുലോമിഃ
വിശേഷമൊന്നുമില്ലാത്ത ശുദ്ധ ചിദ്രൂപത്തെ പ്രാപിക്കുന്നു. സ്വയം ചൈതന്യ സ്വരൂപമായാലാണിതെന്ന് ഔഡുലോമി എന്ന ആചാര്യന്‍ പറയുന്നു.പരമപദത്തെ പ്രാപിച്ച മുക്തന്‍ ചൈതന്യ മാത്രനായിത്തീരുന്നു. എന്തെന്നാല്‍ അതാണ് ജീവന്റെ വാസ്തവികസ്വരൂപം. സര്‍വജ്ഞത്വം സര്‍വേശ്വരത്വം മുതലായ ഗുണങ്ങളെല്ലാം തന്നെ ശബ്ദ വിശേഷങ്ങള്‍ മാത്രമാണ്. വസ്തു ഭിന്നങ്ങളായ അവയൊന്നും ആത്മാവില്‍ ഇല്ല. ആത്മാവ് ചൈതന്യം മാത്രമാണ്. മുക്താത്മാവും ചൈതന്യ സ്വരൂപമായതിനാല്‍ സ്വസ്വരൂപമെന്നത് യുക്തമാണെന്നാണ് ഔഡുലോമി എന്ന ആചാര്യന്റെ അഭിപ്രായം.
സൂത്രം- ഏവമപ്യുപന്യാസാത് പൂര്‍വഭാവാദവിരോധം ബാദരായണഃ
ഇങ്ങനെയായാലും ശ്രുതിയില്‍ ഈ വിഷയത്തെ പറഞ്ഞിരിക്കുന്ന വിധം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതിനാലും സിദ്ധാന്തത്തിന് വിരുദ്ധമാകില്ല എന്ന് ബാദ രായണന്‍ പറയുന്നു. മുക്താത്മാവ് പരമാത്മാവുമായി ഏകീഭവിക്കുന്നുവെന്ന ജൈമിനിയുടെ അഭിപ്രായവും മുക്താത്മാവ് ചൈതന്യ സ്വരൂപന്‍ മാത്രമാണെന്ന ഔഡുലോമിയുടെ അഭിപ്രായവും സ്വീകാര്യമാണെന്നാണ് ബാദരായണന്റെ അഭിപ്രായം. എന്തെന്നാല്‍ ശ്രുതികളില്‍ ഉപന്യാസം, വിധി, വ്യപദേശം മുതലായവയാല്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
സങ്കല്പാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം- സങ്കല്പാദേവ തു തച്ഛ്രുതേഃ
സങ്കല്പം കൊണ്ടു തന്നെ ബ്രഹ്മലോക പ്രാപ്തി ഉണ്ടാകുന്നു എന്ന ശ്രുതിയുള്ളതിനാല്‍. ഛാന്ദോഗ്യത്തില്‍ ‘സങ്കല്പാ ദേവാസ്യ പിതരഃ സമുത്ഥിഷ്ഠന്തി’ എന്ന വാക്യത്തില്‍ മനസ്സിലെ സങ്കല്പം കൊണ്ട് തന്നെ പിതൃക്കളുടെ സമുത്ഥാനം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു, മുക്തന്‍മാരുടെ സങ്കല്പം പ്രാകൃതരുടെ സങ്കല്പം പോലെ പാഴാകുന്നില്ല എന്നറിയണം.
സൂത്രം- അത ഏവ ചാനന്യാധിപതിഃ അതിനാല്‍ തന്നെ മുക്തന്‍ അനന്യനായ അധിപനോട് കൂടിയവനല്ല. അന്യാധിപത്യമില്ലാത്തവനാണ് മുക്തന്‍. മുക്തനായ ആത്മാവ് ബ്രഹ്മലോകത്തെത്തുമ്പോള്‍ ബ്രഹ്മമല്ലാതെ മറ്റൊരു അധിപനും അവിടെയില്ല . കാരണം സങ്കല്പങ്ങള്‍ക്കനുസരിച്ച് മുക്തന് സ്വതന്ത്ര ഭാവം ലഭിക്കുന്നു. മുക്തനായ ആള്‍ സ്വന്തം മനസ്സുകൊണ്ടാണ് ഇഷ്ടപ്പെട്ട ഭോഗങ്ങളെ നേടുന്നത്.
















