തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്നു ചെലവാക്കുന്ന കോടികള്‍ക്ക് കണക്കില്ല. ട്രഷറിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തേണ്ട അവസ്ഥയിലായിട്ടും മുഖ്യമന്ത്രിയുടെ എട്ടാമത്തെ വിദേശയാത്ര ജപ്പാനിലും ദക്ഷിണ കൊറിയയിലും പൊടിപൊടിക്കുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് പോലും കാശില്ലാത്തപ്പോള്‍ മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാര്‍ക്കും ദിനബത്തയായി നല്‍കുന്നത് 75,000 രൂപ വീതം.
നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലു വരെ 12 ദിവസത്തെ യാത്ര ജപ്പാനിലും ദക്ഷിണകൊറിയയിലുമാണ്. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജന്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന്, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്, ഗതാഗത സെക്രട്ടറി കെ. ജ്യോതിലാല്‍, ശുചിത്വമിഷന് ഡയറക്ടര്‍ മീര്‍ മുഹമ്മദ് എന്നിവരുമുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യ സോജ ജോസ് എന്നിവരും സംഘത്തിലുണ്ട്.
മന്ത്രിമാര്‍ക്കൊപ്പം അവരുടെ ഭാര്യമാരുടെയും ചെലവുകളും സംസ്ഥാന ഖജനാവില്‍ നിന്നാണ്. വിമാനടിക്കറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപക് വഴിയാണ് ബുക്ക് ചെയ്തത്. യാത്രാ ടിക്കറ്റിനും
മാത്രം അരക്കോടിയിലധികം രൂപ വരും. ലഘുലേഖകള്‍, വീഡിയോ പ്രസന്റേഷന്, ഉപഹാരങ്ങള്‍ എന്നിവ തയാറാക്കാന്‍ പരസ്യ ഏജന്‍സിക്ക് നല്കിയതും അരക്കോടിയിലധികം. ഇതിനു പുറമെ സംഘത്തിലുള്ള ശുചിത്വമിഷന് ഡയറക്ടര്‍ മീര്‍ മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം നല്കാന് കഴിഞ്ഞ ദിവസം ഉത്തരവായി. ഉത്തരവ് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും ഉടന്‍ പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യസെക്രട്ടറി രാജന് ഖോബ്രഗഡെയും അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് യാത്രയിലാണ്. ഈ ചെലവും പൊതുജനത്തിന്റെ ചുമലിലാണ്.
ഇതിനു മുമ്പ് മറ്റു മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നതും നിരവധി തവണയാണ്. എന്നാല്‍, ഇതു സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ അപേക്ഷയ്ക്ക് പോലും കൃത്യമായ വിവരം നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ യാത്രയുടെ ഫലമായി യാതൊന്നും കേരളത്തിലേക്ക് എത്തിയിട്ടില്ല. പുതിയ വ്യവസായങ്ങളോ പദ്ധതികളോ സാങ്കേതിക സഹായങ്ങളോ പ്രാവര്‍ത്തികമായിട്ടില്ല. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നുവെന്നുള്ള പത്രക്കുറിപ്പുകള്‍ മാത്രം. റീ ബില്‍ഡ് കേരളയ്ക്കുള്ള സഹായം പോലും ലഭിച്ചിട്ടില്ല.
പറന്നത് എട്ട് തവണ
തിരുവനന്തപുരം: മൂന്നര വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി വിദേശത്തേക്ക് പറന്നത് എട്ട് തവണ. എല്ലാത്തവണയും ചെലവ് ഖജനാവില്‍ നിന്ന്. പക്ഷെ ഓരോ യാത്രയ്ക്കും എത്ര രൂപ ചെലവായിയെന്ന കണക്ക് മാത്രം സര്‍ക്കാരിന്റെ കൈയിലില്ല.
2016 ഡിസംബര്‍ 21 മുതല്‍ 25 വരെ ദുബായ്യിലേക്കായിരുന്നു ആദ്യ യാത്ര. മലയാളി പ്രവാസികളുടെ യോഗവും ഷാര്‍ജയില്‍ സ്കൂള്‍ ഉദ്ഘാടനവും. ഒരു വര്‍ഷം കഴിഞ്ഞ് രണ്ടാമത്തെ യാത്ര ബഹ്റൈനിലേക്ക്. 2017 ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ നാല് ദിവസം ബഹ്റൈനിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. 2018 ജൂലൈ നാല് മുതല്‍ എട്ടു വരെ അമേരിക്കയിലേക്ക് മൂന്നാം യാത്ര. ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ മുഖ്യാതിഥിയായി. അതേവര്‍ഷം സപ്തംബര്‍ രണ്ടിന് ചികിത്സയ്ക്കായി ഭാര്യയുമൊത്ത് വീണ്ടും അമേരിക്കയിലേക്ക്. സപ്തംബര്‍ അവസാനം വരെ അമേരിക്കയില്‍ ചികിത്സ. 2018ലെ പ്രളയത്തെ തുടര്‍ന്ന് റീ ബില്‍ഡ് കേരളയ്ക്കായി ഒക്ടോബര്‍ 16 മുതല്‍ 21 വരെ അബുദാബിയിലും ഷാര്‍ജയിലും. 2019 ഫെബ്രുവരി 13 മുതല്‍ 17 വരെ ലോക കേരളസഭയ്ക്കായി വീണ്ടും ദുബായിയില്‍. ഈ വര്‍ഷം തന്നെ മെയ് ഒമ്പത് മുതല്‍ 17 വരെ നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളിലും അമേരിക്കയിലും. അത് കഴിഞ്ഞ ഉടനെയാണ് 12 ദിവസത്തെ ജപ്പാന്, ദക്ഷിണ കൊറിയ യാത്ര.
വിദേശത്ത് സുരക്ഷ ഒരുക്കിയതിന് ആഭ്യന്തര വകുപ്പ് ലക്ഷങ്ങള്‍ നല്‍കേണ്ടിവന്നു. ഓരോ യാത്രയ്ക്കും എത്ര രൂപ വീതം ചെലവായെന്ന് നിയമസഭയിലടക്കം ചോദ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. വിവരാവകാശ അപേക്ഷകള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചുവരുന്നു, ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: