ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന പിണറായി സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്നും അതിനാല്‍ സിഎജി ഓഡിറ്റ് കൃത്യമായി നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കിയാലിന്റെ ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സര്‍ക്കാരിനെ രേഖമൂലം അറിയിച്ചിട്ടുണ്ട്. കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന വാദമുയര്‍ത്തി കണ്ണൂര്‍ വിമാനത്താവള കമ്പനിയിലെ സിഎജി ഓഡിറ്റ് സര്‍ക്കാര്‍ രണ്ടു തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2017 ജൂണ്‍ 28 നു അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുവാന്‍ സി.എ.ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാല്‍ എം.ഡി. കത്ത് നല്‍കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഓഡിറ്റര്‍മാരെ കിയാല്‍ അധികൃതര്‍ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി പല തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് സിഎജി കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം നേരിട്ട് അറിയിക്കുകയായിരുന്നു. കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് സിഎജി അറിയിച്ചതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് നേരിട്ട് മുന്നറിയപ്പ് നല്‍കിയത്.
51 ശതമാനത്തിലധികം പൊതുമേഖല ഓഹരിയുള്ള കമ്പനികളുടെ ഓഡിറ്റ് നിര്‍വ്വഹിക്കേണ്ടത് സിഎജിയുടെ നിയമപരമായ ഉത്തരവാദിത്തമാണ്. 2015-2016 വരെ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സിഎജിയാണ്. എന്നാല്‍, 2017 മുതല്‍ കിയാല്‍ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റിങ്ങിന്റെ ആവശ്യമില്ലെന്നുമുള്ള വിചിത്രവാദമാണ് സര്‍ക്കാരും കിയാലും മുന്നോട്ടുവച്ചത്. അറുപത്തഞ്ച് ശതമാനം സര്‍ക്കാര്‍, പൊതുമേഖലാ ഓഹരി ഉണ്ടായിട്ടും സര്‍ക്കാര്‍ കമ്പനിയല്ലെന്ന വാദമാണ് കിയാല്‍ ഉന്നയിച്ചത്.
സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം ഓഹരിയും മൂന്നില്‍ ഒന്ന് ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശവും മാത്രമേ ഉള്ളുവെന്നും നിലവിലുള്ള കമ്പനി നിയമപ്രകാരം സര്‍ക്കാര്‍ കമ്പനിയല്ലെന്നുമായിരുന്നു തടസവാദം. എന്നാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള 33 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള 32 ശതമാനവും ചേര്‍ത്ത് 65 ശതമാനം സര്‍ക്കാര്‍ ഓഹരിയുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്നും സിഎജി മറുപടി നല്കി.
എന്നിട്ടും വഴങ്ങാതായതോടെയാണ് സിഎജി കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തോട് വ്യക്തത തേടിയത്. നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നിട്ടും സിഎജി ഉദ്യോഗസ്ഥരുടെ നിയമപരമായ കൃത്യനിര്‍വഹണം തുടര്‍ച്ചയായി മുഖ്യമന്ത്രി ചെയര്‍മാനായ വിമാനത്താവള കമ്പനി തടസപ്പെടുത്തിയതോടെയാണ് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: