ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം കാര്‍ട്ടോസാറ്റ്-മൂന്ന് ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ രാവിലെ 9.28നാണ് കാര്ട്ടോസാറ്റിനെയും 13 നാനോ ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എല്‍വി-സി 47 കുതിച്ചുയര്‍ന്നത്.
വിക്ഷേപിച്ച് പതിനേഴാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ് മൂന്നിനെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. അടുത്ത പത്തു മിനിറ്റില്‍ യുഎസിന്റെ 13 നാനോ ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് പറഞ്ഞു. ഇന്ത്യ ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും സങ്കീര്‍ണവും ആധുനികവുമായ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് മൂന്നെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ നിന്ന് 509 കിലോമീറ്റര്‍ ഉയരെ 97.5 ഡിഗ്രി ചരിവില്‍ ഭ്രമണം ചെയ്യുന്ന കാര്‍ട്ടോസാറ്റില്‍ വിദൂര സംവേദന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. എട്ട് കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചത്. മാര്‍ച്ച് വരെ 13 ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒയ്ക്ക് മുന്നിലുള്ളത്. ആറെണ്ണം വിക്ഷേപണ വാഹന ദൗത്യങ്ങളും ഏഴെണ്ണം ഉപഗ്രഹ ദൗത്യങ്ങളുമാണ്. ഐഎസ്ആര്‍ഒ സന്ദര്‍ഭത്തിനൊത്ത് ഉയരുമെന്നും എല്ലാം കൃത്യമായി പൂര്‍ത്തിയാക്കുമെന്നും കെ. ശിവന് പറഞ്ഞു.
മൂന്നാം തലമുറയില്‍പ്പെട്ട ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-മൂന്ന്. ഉയര്‍ന്ന വ്യക്തതയോടു കൂടിയ ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്നതാണ് ഇതിന്റെ സവിശേഷത. നഗരാസൂത്രണം, ഗ്രാമീണ, തീരമേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഉപഗ്രഹം ഏറെ ഗുണം ചെയ്യും.
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്ട്ടോസാറ്റിനെയും 13 നാനോ ഉപഗ്രഹങ്ങളെയും വഹിച്ച്
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്ന് പിഎസ്എല്‍വി-സി 47 കുതിച്ചുയരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: