ന്യൂദല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്ന് വെസ്റ്റിന്ഡീസിനെതിരായ ടി20യില്‍ പകരക്കാരനായി സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. തുടര്‍ച്ചയായി ഐപിഎല്ലിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നടത്തി മുന്നേറിയിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒഴിയാത്തതിനാല്‍ അവസരം ഒന്നു പോലും ലഭിക്കാതെ നില്‍ക്കുന്ന സഞ്ജുവിന് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഇത് ഭാഗ്യമായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.
സഞ്ജുവിനെ ടീമില്‍നിന്ന് നിരന്തരം ഒഴിവാക്കുന്നതിനു പിന്നാലെ തിരുവനന്തപുരം ട്വന്റി20 ബഹിഷ്‌കരിക്കണമെന്ന ക്യാംപയിന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇതുകാരണമാണ് സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തുന്നതെന്നാണ് സൂചന. ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11ന് മുംബൈ വാംഖഡെയില്‍ മൂന്നാം മത്സരം നടക്കും. ഡിസംബര്‍ 15 മുതല്‍ ഏകദിന പരമ്പരയ്‌ക്കു തുടക്കമാകും.
നീണ്ട നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമില്‍ സഞ്ജു സാംസണിനെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരം. ഇതിനു പിന്നാലെയാണ് വിന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ധവാന് പകരക്കാരാനായാണു സഞ്ജു ടീമിലെത്തിയത്. നീണ്ട കാത്തിരിപ്പിനുശേഷം ടീമിലെടുത്ത താരത്തിന് ഒരു അവസരം പോലും നല്‍കാതെ പുറത്തിരുത്തിയ ശേഷം തൊട്ടടുത്ത പരമ്പരയില്‍ തഴഞ്ഞത് ആരാധകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി. താരത്തിന്റെ ആത്മവിശ്വാസത്തെപ്പോലും ഇതു ബാധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായി. ബിസിസിഐയുടെ ട്വിറ്റര്‍, ഫെയ്‌സ്ബുക് പേജുകളില്‍ ആരാധകര്‍ പ്രതിഷേധ കമന്റുകള്‍ നിറച്ചിരുന്നു.
















