തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാനസമിതി പൊളിയുന്നു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഉണ്ടായ ഭിന്നതയാണ് കാരണം. ഇതേതുടര്‍ന്ന് പ്രധാന സംഘടനയായ കെപിഎംഎസ് നവോത്ഥാന സമിതി വിടാനൊരുങ്ങുന്നതാണ് സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നത്. ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന കെപിഎംഎസ് സംസ്ഥാന ജനറല്‍ കൗണ്‍സിലാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സമിതി വിടണമെന്ന തീരുമാനത്തിലേക്കെത്തിയത്.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഗത്യന്തരമില്ലാതെ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ സ്ഥാനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി നടത്തിയ പ്രസ്താവനകളിലടക്കം കെപിഎംഎസ്സിന് വലിയ എതിര്‍പ്പുണ്ട്. ജനറല്‍ കൗണ്‍സില്‍ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
വനിതാ മതിലടക്കം നിര്‍മിച്ച് ശബരിമലയില്‍ യുവതികളെ കയറ്റിയ ഇടത് സര്‍ക്കാരിന് തിരിച്ചടിയായാണ് നവോത്ഥാന സമിതിയില്‍ പിളര്‍പ്പിന് കളമൊരുങ്ങുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നയം മാറിയ സാഹചര്യത്തില്‍ നവോത്ഥാന സമിതിയില്‍ തുടരേണ്ടതില്ലെന്ന നിലപാടാണ് കെപിഎംഎസ് പുന്നല വിഭാഗം മുന്നോട്ട് വക്കുന്നത്. പുരോഗമന ആശയങ്ങള്‍ വെടിഞ്ഞ് നവോത്ഥാന സമിതിയില്‍ തുടരേണ്ടതില്ലെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. നിലപാട് മാറിയില്ലെങ്കില്‍ നവോത്ഥാന സമിതി വിടുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മണ്ഡലകാലം ആക്ടിവിസ്റ്റുകളെ ശബരിമലയല്‍ കയറ്റാന്‍ മുന്‍കൈ എടുക്കുകയും ഇത്തവണ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ സ്ഥാനമില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ കെപിഎംഎസ്സിന് വലിയ എതിര്‍പ്പുണ്ട്. യുവതീ പ്രവേശന വിധിയില്‍ സ്റ്റേ ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് സംഘടനയുടെ പ്രധാന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: