കൊല്ലം: അടുത്ത മാര്‍ച്ചില്‍ ഹയര്‍സെക്കണ്ടറി, എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ ഒരേ മുറിയില്‍ ഇടകലര്‍ത്തി ഇരുത്താനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ നീക്കം വിവാദമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബറിലെ ക്രിസ്തുമസ് പരീക്ഷ ഇത്തരത്തില്‍ നടത്തുന്നുണ്ട്.
തീരുമാനത്തില്‍ ആശങ്കയിലായ അധ്യാപകര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. തീരുമാനത്തെ ഇടതുപക്ഷ അധ്യാപകസംഘടനകള്‍ മാത്രമാണ് പിന്തുണയ്ക്കുന്നത്. സര്‍ക്കാരിന് സാമ്പത്തികലാഭവും പൊതുവിദ്യാഭ്യാസവകുപ്പിന് കാര്യക്ഷമതാവര്ധനവും ഉണ്ടാകുമെന്നാണ് ഇവരുടെ പക്ഷം.
10, 11, 12 ക്ലാസുകളിലെ 14 ലക്ഷം കുട്ടികളെ വേണ്ടത്ര കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഒന്നിച്ച് പൊതുപരീക്ഷയ്ക്ക് ഇരുത്തുന്നത് സാങ്കേതികപ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്നാണ് അധ്യാപകരുടെ നിലപാട്. രണ്ട് വ്യത്യസ്ത പരീക്ഷാചീഫുമാരുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഒറ്റ മുറിയില്‍ പരീക്ഷയ്ക്കിരുത്തുന്നത് സാങ്കേതികപ്രയാസങ്ങള്ക്ക് വഴിവയ്ക്കും. പരീക്ഷാഹാളിലെ അച്ചടക്കരാഹിത്യത്തിന് നടപടിയെടുക്കേണ്ടതും രണ്ട് വ്യത്യസ്ത ചീഫുമാരാണ്.
വിദ്യാര്‍ഥികളുടെ സൗകര്യം കണക്കിലെടുത്ത് എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തണമെന്ന കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാല്‍, ഇടകലര്‍ത്തി ഇരുത്തണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പത്താംതരം വിദ്യാര്‍ഥിക്ക് ഒരു സമയക്രമവും ഹയര്‍സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ഉള്ള വിഷയത്തിന് മറ്റൊരു സമയക്രമവും അതല്ലാത്ത വിഷയങ്ങള്‍ക്ക് വേറൊരു സമയക്രമവുമാണ്. ഇത്തരത്തില്‍ മൂന്ന് വ്യത്യസ്ത സമയങ്ങളില്‍ പരീക്ഷ കഴിഞ്ഞ് പോകുന്നവരുടെ ബഹളത്തില്‍ മറ്റു കുട്ടികളുടെ സുഗമമായ പരീക്ഷയെഴുത്ത് നടക്കില്ല.
കൂടാതെ ക്ലാസ് മുറിയിലെ ഇന്‍വിജിലേറ്ററുടെ കണ്ണുവെട്ടിച്ച് ഗുരുതരമായ ക്രമക്കേടുകള്‍ പരീക്ഷാ ഹാളുകളില്‍ അരങ്ങേറാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: