തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഇനി വളരെയെളുപ്പം. ലൈസന്‍സുകള്‍ക്കായി കാത്തുനില്‍ക്കാതെ അപേക്ഷിച്ചയുടന്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നിയമ ഭേദഗതി നിയമസഭ പാസാക്കി. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്ലാണ് നിയമസഭ ഇന്നലെ പാസാക്കിയത്. കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബില്ലും ഇതോടൊപ്പം സഭ പാസാക്കി. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ബില്‍ അവതരിപ്പിച്ചത്.
പുതിയ നിയമപ്രകാരം മൂന്നു വര്‍ഷം വരെ പത്തുകോടി രൂപവരെ മുതല്‍മുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാന്‍ ലൈസന്‍സുകള്‍ ആവശ്യമില്ല. ജില്ലാ ഏകജാലക ബോര്‍ഡിന് അപേക്ഷയും സത്യവാങ്മൂലവും നല്കുമ്പോള് ലഭിക്കുന്ന രസീത് പ്രകാരം പിറ്റേന്നു തന്നെ വ്യവസായം ആരംഭിക്കാം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ആറു മാസത്തിനകം എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുക്കണം.
1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്ട്, 2013ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്ട്, 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന് പബ്ലിക് ഹെല്‍ത്ത് ആക്ട്,1939ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട് തുടങ്ങിയവ ഭേദഗതി ചെയ്താണ് ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന ബില്ല് പാസാക്കിയത്.
റെഡ് കാറ്റഗറിയില്‍പെട്ട ഓയില്‍ റിഫൈനറി, മൈനിങ്, ഫാര്‍മസ്യൂട്ടിക്കല്‍സ് , ഡിസ്റ്റിലറി തുടങ്ങിയ സംരംഭങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. തണ്ണീര്‍ത്തട നിയമം മറികടക്കാനാവില്ല. അതിനാല്‍ നെല്‍വയല്‍ നികത്തി കെട്ടിടം പണിയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: