മാങ്ങാട്ടുപറമ്പ്: എറണാകുളത്തിന്റെ കുത്തക തകര്‍ന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ കായികോത്സവ കിരീടം പാലക്കാട് തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ വിഭാഗം ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ അഭാവം എറണാകുളത്തിന്റെ മുന്നേറ്റത്തിനു തടസ്സമായപ്പോള്‍ 2017-ല്‍ കൈവിട്ട കിരീടം വലിയ വ്യത്യാസത്തില്‍ പാലക്കാട് സ്വന്തമാക്കി.
18 സ്വര്‍ണം, 26 വെള്ളി, 16 വെങ്കലമടക്കം 201.33 പോയിന്റ് നേടിയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം രണ്ടാമതായി. 21 സ്വര്‍ണം, 14 വെള്ളി, 11 വെങ്കലമടക്കം 157.33 പോയിന്റ് എറണാകുളത്തിന്. മൂന്നാം ദിവസം വരെ പാലക്കാടിനൊപ്പമുണ്ടായിരുന്ന എറണാകുളം അവസാന ദിനം ഏറെ പിന്നിലായി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന കോഴിക്കോട് തിരുവനന്തപുരത്തെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 14 സ്വര്‍ണം, ഏഴ് വെള്ളി, 18 വെങ്കലമടക്കം 123.33 പോയിന്റ്. 11 വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമടക്കം 104.5 പോയിന്റ് നേടിയ തിരുവനന്തപുരം നാലാം സ്ഥാനത്ത്.
സ്‌കൂളുകളില്‍ മാര്‍ബേസില്‍
സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ജേതാക്കളായി. എട്ട് സ്വര്‍ണവും ആറ് വീതം വെള്ളിയും വെങ്കലവും നേടിയാണ് കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. ഏഴാം തവണയാണ് മാര്‍ബേസില്‍ മികച്ച സ്‌കൂളാകുന്നത്. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ രണ്ടാം സ്ഥാനത്ത്. നാല് സ്വര്‍ണം, 11 വെള്ളി, ഏഴ് വെങ്കലമടക്കം 58.33 പോയിന്റ്. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് മൂന്ന് സ്വര്‍ണവും വെള്ളിയും 10 വെങ്കലവുമടക്കം 32.33 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
അവസാന ദിനമായ ഇന്നലെ മൂന്ന് പുതിയ റെക്കോഡുകള്‍ പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ തിരുവനന്തപുരം സായ്‌യുടെ ആകാശ് എം. വര്‍ഗീസ്, സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്‍, ഹാമര്‍ ത്രോയില്‍ എറണാകുളം മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നി എന്നിവരാണ് പുതിയ റെക്കോഡിന് അവകാശികള്‍. കായികോത്സവത്തിലെ ഏക ട്രിപ്പിള്‍ റെക്കോഡ് ഇതോടെ ആന്‍സിക്കു മാത്രം. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ ആകെ പതിനാറ് റെക്കോഡുകള്‍ പിറന്നു.
















