മാങ്ങാട്ടുപറമ്പ്: ആദ്യ ദിവസം നടന്ന 3000 മീറ്ററിന്റെ തനിയാവര്‍ത്തനമായി 1500 മീറ്റര്‍. ഇന്നലെ നടന്ന നാല് ഫൈനലുകളില്‍ മൂന്നിലും സ്വര്‍ണം നേടിയത് 3000 മീറ്ററിലെ വിജയികള്‍. സീനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് കല്ലടി സ്കൂളിലെ സി. ചാന്ദ്നിയും ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസ്എസിലെ സനിക. കെ.പിയും. ആണ്‍കുട്ടികളില്‍ പാലക്കാട് പട്ടഞ്ചേരി ജിഎച്ച്എസിലെ ജെ. റിജോയും സ്വര്‍ണമണിഞ്ഞ് ഡബിള്‍ തികച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 1500-ല്‍ എറണാകുളം മാതിരപ്പിള്ളി ഗവ. എച്ച്എസ്എസിലെ എസ്. സുജീഷും ഒന്നാമനായി.
സി. ചാന്ദ്നി 4:38.49 മിനിറ്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് മീറ്റിലെ രണ്ടാം സ്വര്‍ണം നേടിയത്. 3000 മീറ്ററിലെന്നപോലെ തിരുവനന്തപുരം സായിയുടെ മിന്നു പി. റോയ് 4:43.67 മിനിറ്റില്‍ വെള്ളി നേടിയപ്പോള്‍ പ്രിസ്കില ഡാനിയേല്‍ 4:44.26 മിനിറ്റില്‍ വെങ്കലവും കരസ്ഥമാക്കി. ഇനി 800 മീറ്ററിലും ചാന്ദ്നിക്ക് മത്സരമുണ്ട്. അതിലും സ്വര്‍ണം നേടി ട്രിപ്പിള്‍ തികയ്ക്കുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ചാന്ദ്നിയുടെ ലക്ഷ്യം. പാലക്കാട് ചിറ്റൂര്‍ താമരക്കുളം കെ. ചന്ദ്രന്റെ മകളാണ് ചാന്ദ്നി.
സീനിയര്‍ ആണ് വിഭാഗത്തില്‍ എസ്. സുജീഷ് 4:00.93 മിനിറ്റിലാണ് പൊന്നണിഞ്ഞത്. മാര്‍ബേസിലിന്റെ അഭിഷേക് മാത്യു 4:02.31 മിനിറ്റില്‍ വെള്ളിയും കണ്ണൂര്‍ എളയാവൂര് എസ്എംവിഎച്ച്എസ്എസിലെ വിഷ്ണു ബിജു 4:02.82 മിനിറ്റില്‍ വെങ്കലവും നേടി. വിഷ്ണു നേരത്തെ 3000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ സുജീഷ് സ്വര്‍ണം നേട്ടത്തോടെയാണ് സ്കൂള്‍ അത്ലറ്റിക്സിനോട് വിടപറയുന്നത്. മാതിരപ്പിള്ളി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സുജീഷ് പാലക്കാട് നെന്മാറ പ്ലാക്കല്‍ പി. ശിവദാസിന്റെയും വനജയുടെയും പുത്രനാണ്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ ജിന്സണ് ജോണ്‍സന്റെ പിന്‍ഗാമിയാവാനുള്ള തയാറെടുപ്പിലാണ് സുജീഷ്. എംഎ സ്പോര്‍ട്സ് അക്കാദമിയിലാണ് സുജീഷ് പരിശീലനം നടത്തുന്നത്. ജിന്‍സണിന്റെ കോച്ചായിരുന്ന ജോര്‍ജ് മാനുവല്‍ സുജീഷിനെയും പരിശീലിപ്പിക്കുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഈ ഇനത്തില്‍ കെ.പി. സനിക 4:46.49 മിനിറ്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയാണ് ഡബിള്‍ തികച്ചത്. കോട്ടയം പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസിലെ ദേവിക ബെന്‍ 4:52.07 മിനിറ്റില്‍ വെള്ളിയും പാലക്കാട് പത്തിരിപ്പാല ഗവ. വിഎച്ച്എസ്എസിലെ സ്റ്റെഫി സാറാ കോശി 4:53.45 മിനിറ്റില്‍ വെങ്കലവും നേടി. കോഴിക്കോട് കട്ടിപ്പാറ കൈതേരി പൊയ്യില്‍ വീട്ടില്‍ കെ.പി. സുരേഷിന്റെയും ഷീബയുടെയും മകളായ സനിക പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജെ. റിജോയ് 4:07.20 മിനിറ്റില്‍ ഓടിയെത്തിയാണ് ഇരട്ട സ്വര്‍ണം തികച്ചത്. ഇരിങ്ങാലക്കുട എസ്എന്‍എച്ച്എസ്എസിലെ മണിപ്പൂരി താരം യുമ്നം അര്‍ജിത് മെയ്തേയി 4:08.87 മിനിറ്റില്‍ വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ എന്‍.വി. അരവിന്ദ് വിജയ് 4:08.96 മിനിറ്റില്‍ വെങ്കലവും നേടി. പാലക്കാട് പട്ടഞ്ചേരി ഗവ. എച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ റിജോയ് പാലക്കാട് വേലൂര്‍ കന്നിമാലി കമ്പാലത്തറ വീട്ടില്‍ ജയശങ്കറിന്റെയും ആശാ വര്‍ക്കറായ റീനയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: