പമ്പ: പത്തംഗ യുവതികളെ പമ്പയില്‍ പോലീസ് തടഞ്ഞു. വിജയവാഡയില്‍ നിന്നെത്തിയ വലിയൊരു സംഘത്തോടൊപ്പമാണ് അമ്പതു വയസിനു താഴെയുള്ള സ്ത്രീകള്‍ എത്തിയത്. പമ്പയില്‍ ഇവരെ തടഞ്ഞ പോലീസ് വയസുതെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇതില്‍ പത്ത് സ്ത്രീകള്‍ അമ്പതുവയസിനു താഴെയുള്ളവരാണെന്നു തെളിഞ്ഞതോടെ ശബരിമലയിലെ ആചാരങ്ങള്‍ പോലീസ് ഇവരെ ധരിപ്പിച്ചു. സന്നിധാനത്തേക്ക് പോകാന്‍ ഇവര്‍ പിന്നീട് നിര്‍ബന്ധം പിടിച്ചില്ല. കൂടെയുള്ളവരും ഇവരെ പിന്തിരിപ്പിച്ചു. ഇതോടെ പത്തംഗ സംഘം പമ്പ ഗണപതി കോവിലിനു സമീപം യാത്ര അവസാനിപ്പിച്ചു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ ഇത്തവണ മലകേറാനില്ലെന്ന് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരും നിലപാട് മാറ്റിയതോടെ ഹൈന്ദവ സംഘടന പ്രവര്‍ത്തകരുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് ഇവരും തീരുമാനിച്ചിരിക്കുന്നത്.
ഈവര്‍ഷം തീര്‍ത്ഥാടന കാലയളവില്‍ വെര്‍ച്വല്‍ക്യൂ ബുക്കിങ് വഴി യുവതികളായ അക്ടിവിസ്റ്റുകളും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെപ്പോലെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയില്‍ സന്നിധാനത്തേയ്ക്ക് എത്താമെന്ന് കണക്കുകൂട്ടിയായികുന്നു ഈ നടപടി. എന്നാല്‍ ശബരിമല പുന പരിശോധനാ ഹര്‍ജി വിശാലബെഞ്ചിനു വിട്ടതോടെ അന്തിമ വിധി പ്രസ്താവന വരുന്നത് വരെ യുവതികളെ പ്രവേശിപ്പിക്കണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ തവണ അയ്യപ്പ ദര്‍ശനം നടക്കാതെ തിരിച്ചുപോയ യുവതികളും തമിഴ്നാട്ടില്‍ നിന്നുള്ള മനിതി സംഘവുമടക്കം ആരും ഇത്തവണ സന്നിധാനത്തിലെത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സന്നിധാനത്തേയ്ക്ക് യുവതികളില്‍ ആരെങ്കിലും എത്തുകയാണെങ്കില്‍ അവരെ പോലീസിനെ ഉപയോഗിച്ച് അനുനയിപ്പിച്ച് തിരിച്ചയയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. പോലീസിന്റെ ഉപദേശം കേട്ട് തിരിച്ചുപോകാനാണെങ്കില്‍ പിന്നെ മലകയറുന്നതിനായി ഇത്രയും എന്തിന് ബുദ്ധിമുട്ടണമെന്നാണ് ഇവരുടെ ചോദ്യം. ഏഴംഗ ഭരണഘടനാബെഞ്ചിന്റെ വിധി വരാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും ശബരിമലയിലെത്താന്‍ ധാരാളം സമയമുള്ളതിനാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്ത് സംഘര്‍ഷമുണ്ടാക്കേണ്ടതില്ലെന്നുമാണ് കേരളത്തിലെ ഭൂരിപക്ഷം വനിതാസംഘടനകളുടേയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: