പ്രാരാബ്ധംമൂലം സംഭവിക്കുന്ന ഏറ്റവും ശക്തമായ പ്രഹരംപോലും പ്രബലമായ ഒരു മനസിനെ ചലിപ്പിക്കുകയില്ല. പ്രകൃതിയുടെ പ്രലോഭനങ്ങള്ക്കതീതമാണ് പ്രബലമായ മനസ്. അത് അചഞ്ചലമായ ഈശ്വരവിശ്വാസത്തിലും ഈശ്വരകൃപയുടെ അവലംബത്തിലുമാണ് വേരൂന്നിയിട്ടുള്ളത്. സര്‍വ്വശക്തനുമായി അത് സദാ സമ്പര്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സാന്മാര്ഗിക നിയമങ്ങള്‍ക്ക് വിധേയവുമാണത്.
ഈശ്വരനെ സമാശ്രയിക്കുന്നതില്‍ നിന്നാണ് ശക്തി സ്വായത്തമാകുന്നത്. ഈശ്വരനെ സമാശ്രയിക്കുക എന്നു പറഞ്ഞാല്‍ സകല ദൗര്‍ബല്യങ്ങളുടെയും അടിസ്ഥാനമായ അഹന്തയെ പൂര്‍ണ്ണമായും നിഷേധിക്കുക എന്നര്‍ത്ഥം. ഒരുവന്റെ ജീവിത സുരക്ഷിതത്ത്വത്തിന് ഭൗതിക വസ്തുക്കളെയോ, വ്യക്തികളേയോ,അവസ്ഥകളെയോ ആശ്രയിക്കുന്നത് അശക്തതയുടെ ലക്ഷണമാണ്. പ്രപഞ്ചത്തില്‍ ഒന്നുംതന്നെ സ്ഥിരമോ വിശ്വസിക്കാവുന്നതോ ആയിട്ടില്ല. ഈശ്വരന്‍മാത്രമാണ് അക്ഷയമായ അവലംബവും ആശ്രയവും. (ഭൗതിക വസ്തുക്കളിലും വ്യക്തികളിലും വിഷയങ്ങളിലും അവസ്ഥകളിലും കുടികൊള്ളുന്നത് ഈശ്വരനാണെന്ന) ഈ സത്യം വ്യക്തമായി അറിഞ്ഞ് ഈശ്വരോന്മുഖരായിക്കഴിഞ്ഞാല് നിങ്ങള്‍ അനുഗ്രഹത്തിന്റെയും ശാന്തിയുടെയും പാതയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: