വെള്ളായണി: വെള്ളായണി കായല്‍പ്പരപ്പിന്റെ അഴകാണ് ഇടതൂര്‍ന്ന് വളരുന്ന താമര. ഇവിടുത്തെ താമര ഇലകള്‍ നുള്ളിയെടുത്ത് അന്നം തേടുന്ന നിരവധി ആളുകളുണ്ട്. പുലര്‍കാലെ വള്ളത്തില്‍ കായലിലേക്ക്. വള്ളത്തിന് ഇരുവശത്തിലും ഇരുന്നാണ് ഇലശേഖരണം. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ അധ്വാനം. ഒടുവില്‍ കൈനിറയെ താമര ഇലകളുമായി മടക്കം.
കാക്കാമൂല, കാര്‍ഷിക കോളേജ്, പൂങ്കുളം പ്രദേശങ്ങളിലെ സ്ത്രീകളാണ് ഇലനുള്ളാനെത്തുന്നവരില്‍ ഭൂരിഭാഗവും. ചാലയിലെ പൂക്കടകളിലാണ് ഇവര്‍ ഇലകള്‍ വില്‍ക്കുന്നത്. 80 ഇലകളടങ്ങിയ ഒരു കെട്ട് താമരയിലയ്‌ക്ക് 35 രൂപയാണ് വില ലഭിക്കുക. ഒരാള്‍ പരമാവധി 10 കെട്ട് ഇലയുമായാണ് വില്‍പ്പനയ്‌ക്കെത്തുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് പൂവിനൊപ്പം ഇലയും എത്താറുണ്ടെങ്കിലും മിക്ക പൂക്കടക്കാരും തദ്ദേശീയരായരായവര്‍ കൊണ്ടുവരുന്ന ഇലകളാണ് വാങ്ങുന്നത്.
















