തിരുവനന്തപുരം: പദ്ധതി വിഴുങ്ങാന്‍ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥനെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ധനമന്ത്രി തോമസ് ഐസക്കിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നടത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് നല്കിയാലും കിഫ്ബിയിലെ ചീഫ് ടെക്നിക്കല്‍ എക്സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥന് അത് വെട്ടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന് ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്, സുധാകരന് പറഞ്ഞു. കനകക്കുന്നില്‍ നാലാമത് എന്‍ജിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ചീഫ് ടെക്നിക്കല്‍ എക്സാമിനറാണ് (സിടിഇ) ആണ്. ധനവകുപ്പ് സിടിഇ ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാന്‍ തയാറാകുന്നില്ല. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താല്‍ മതി. കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീര്‍ക്കാന്‍ കഴിയാത്ത പേരുദോഷവും കേള്‍ക്കേണ്ടി വരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ എഴുതി നല്കിയാല് മാത്രം അത്തരം പണികള്‍ ഏറ്റെടുത്താല്‍ മതി. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. ദേശീയപാതാ വികസനം ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകില്ല. ശബരിമലയില്‍ റോഡ് നിര്‍മ്മാണം ഇതിനകം തീര്‍ക്കേണ്ടതായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച്ചയാണ് പണി വൈകാന്‍ കാരണം. ഇതേക്കുറിച്ച് ചീഫ് എഞ്ചിനീയറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ആലപ്പുഴയില്‍ കുറച്ചുകാലമായി സിപിഎമ്മില്‍ രൂക്ഷമായിരുന്ന സുധാകരന്-തോമസ് ഐസക് പോര് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അതിരുവിട്ട അവസ്ഥയിലായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ ഐസക്കിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ സുധാകരന് മടിച്ചിട്ടുമില്ല. അരൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ഉത്തരവാദി ജി. സുധാകരനാണെന്ന് പറഞ്ഞ് മറുപക്ഷം കടന്നാക്രമണം ശക്തമാക്കുമ്പോഴാണ് തോമസ് ഐസക്കിനെയും ധനവകുപ്പിനെയും സുധാകരന് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.
കിഫ്ബിയില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം പലതവണ നിയമസഭയിലടക്കം ആരോപണമുന്നയിച്ചതാണ്. അപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് കിഫ്ബിയില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നാണ്. എന്നാല്‍ മുഖ്യമന്ത്രിയെയും തള്ളിയാണ് പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: