ചെറുതോണി അണക്കെട്ടില്‍ സ്ഥാപിച്ച അപായ സൈറണിന്റെ സ്വിച്ച് ഓണ്‍ കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ശിവരാമന്‍ നിര്‍വഹിക്കുന്നു
ഇടുക്കി: ജില്ലയിലെ മൂന്ന് അണക്കെട്ടുകളില്‍ അപായ സൈറണ്‍ സ്ഥാപിച്ചു. ആദ്യഘട്ടമെന്നോണം മൂന്ന് ഡാമുകളില്‍ ആണ് സൈറണ്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ നോക്കിയത്. സൈറണ്‍ ട്രയല്‍ റണ്ണിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ശിവരാമന്‍ നിര്‍വഹിച്ചു.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട്, കല്ലാര്‍ അണക്കെട്ട്, ഇരട്ടയാര്‍ അണക്കെട്ട് എന്നിവിടങ്ങളില്‍ ആണ് ഇപ്പോള്‍ സൈറണ്‍ ഘടിപ്പിച്ചിരിക്കുന്നത്. പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മുന്നോടിയായി ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയെന്നതാണ് ഇതിന്റെ ഉദ്ദേശം. അണക്കെട്ടിന്റെ പരിസരത്ത് അഞ്ച് കിലോമീറ്റര്‍ ദൂരം വരെ ഇതിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയും.
കൊച്ചിന്‍ ഫാക്ട് ആണ് സൈറണിന്റെ നിര്‍മാതാക്കള്‍. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഭാഗത്തോട് ചേര്‍ന്നുള്ള കണ്‍ട്രോള്‍ റൂമിലാണ് സൈറൺ സ്ഥാപിച്ചിരിക്കുന്നത്. 2018ല്‍ ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടായപ്പോള്‍ ഇടുക്കി അണക്കെട്ട് നിര്‍മാണഘട്ടത്തില്‍ ജോലി സമയം അറിയിക്കുന്നതിന് മഞ്ചിക്കവലയില്‍ സ്ഥാപിച്ച കെഎസ്ഇബിയുടെ സൈറണില്‍ നിന്നാണ് അപായ സൂചന നല്‍കിയത്.
















