കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ അന്വേഷണം വിപുലികരിച്ച് പോലീസ്. പ്രീഡിഗ്രി പോലും പാസായിട്ടില്ലാത്ത ജോളിയുടെ പക്കല്‍ എംജി സര്‍വ്വകലാശാലയുടെ ബികോം, കേരള സര്‍വ്വകലാശാലയുടെ എംകോം സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വിപുലീകരിക്കുന്നത്. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളാണ് കൂടത്തായിയിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ പോലീസ് കണ്ടെത്തിയത്.
എന്‍ഐടിയിലെ പ്രൊഫസറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണ് ജോളി സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എംജി, കേരള സര്‍വ്വകലാശാലകളില്‍ ഇന്ന് അന്വേഷണ സംഘമെത്തും. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ സര്‍വ്വകലാശാല റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഈ കേസിലെ സുപ്രധാന തെളുവുകളില്‍ ഒന്നാണ്. ഇവ വ്യാജമെന്ന് കണ്ടെത്തിയാല്‍ ജോളി ഇതിന് മുമ്പും വ്യാജ രേഖ ചമച്ചിട്ടുണ്ടെന്ന് പോലീസിന് തെളിയിക്കാന്‍ സാധിക്കും.
മാത്യു മഞ്ചാടിയിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് ജോളിയെ വീണ്ടും അറസ്റ്റ് ചെയ്യും. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജയിലിലെത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക. വിശദമായ ചോദ്യം ചെയ്യലിന് പുറമേ കൂടത്തായിയിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ ഒസ്യത്ത് ഉള്‍പ്പടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.
















