കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്കലാപ്പിലായി. ദേശവിരുദ്ധരെ രക്ഷിക്കാന്‍ സിപിഎം ഒറ്റക്കെട്ടായി. കൂടാതെ തെളിവ് കിട്ടിയതിനാല്‍ യുഎപിഎ പിന്‍വലിക്കാനാകാതെ പോലീസും കുഴങ്ങി. ഇതോടെ സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രതിസന്ധിയിലായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ഒരു സന്ദര്‍ഭത്തിലും യുഎപിഎക്ക് അനുമതി നല്‍കിയിട്ടില്ല. നിരപരാധികള്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്നു കരുതുന്നില്ല. ഇക്കാര്യത്തിലും അത്തരം സമീപനം പ്രതീക്ഷിക്കുന്നു, സിപിഎം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ നിലപാട് വ്യക്തമാക്കിയത്. സിപിഐ നേതാക്കളും പോലീസ് നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോടു വിശദീകരണം തേടിയിരുന്നു. അറസ്റ്റിലായ അലന്റെ മാതാപിതാക്കളായ സബിത മഠത്തിലും ഷുഹൈബും നേരിട്ടുകണ്ടു പരാതി നല്‍കിയതിനു പിന്നാലെയാണു മുഖ്യമന്ത്രി ഡിജിപിയോടു വിശദീകരണം തേടിയത്.
നേരത്തേ വ്യക്തമായ തെളിവില്ലാതെ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ വ്യക്തമാക്കിയിരുന്നു. ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല. പന്തീരാങ്കാവ് കേസില്‍ ഇപ്പോള്‍ എഫ്‌ഐആര്‍ മാത്രമേയുള്ളു. അതില്‍ പറയുന്ന വകുപ്പുകള്‍ നിലനില്‍ക്കണമെങ്കില്‍ ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥന്‍ കൊച്ചിയില്‍ പറഞ്ഞു.
















