കോഴിക്കോട്: ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. കള്ളം പറഞ്ഞ് തടിതപ്പാന്‍ നോക്കിയെങ്കിലും പോലീസ് ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ചേളന്നൂരില്‍ എട്ടേനാലുകാവുപുറത്തു വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന പ്രവീണിന്റെ ഭാര്യ ധനലക്ഷ്മിയാണ് ഒരുവയസുകാരനായ സ്വന്തം മകന്‍ ഋഷിദിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. യുവതിയെ പോലീസ് അറസ്റ്റുചെയ്തു. അഞ്ജാതരാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്നു പറഞ്ഞ ധനലക്ഷ്മി, പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കുഞ്ഞ് കിണറ്റില്‍ വീണെന്ന് നിലവിളിച്ച് ധനലക്ഷ്മി തന്നെയാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. പതിനഞ്ചടിയോളം വെള്ളമുള്ള കിണറില്‍ നിന്നും കുട്ടിയെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ക്കും കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
സംഭവം നടന്ന സമയത്ത് പ്രവീണും പ്രവീണിന്റെ മാതാപിതാക്കളും വീട്ടിലില്ലായിരുന്നു. അഞ്ജാതരായ രണ്ടു സ്ത്രീകള്‍ തനിക്ക് മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കുട്ടിയെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് ധനലക്ഷ്മി ആദ്യം പറഞ്ഞത്. എന്നാല്‍, പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ധനലക്ഷ്മി കുറ്റം സമ്മതിക്കുകയായിരുന്നു.
















