രാമചന്ദ്രന്റെ വീടിനു മുന്നില്‍ തീയിട്ട് നശിപ്പിച്ച വാഹനങ്ങള്‍
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ വാനും ബൈക്കും അജ്ഞാതസംഘം കത്തിച്ചു. ബിജെപി പ്രവര്‍ത്തകനും കാഞ്ഞങ്ങാട് പുതിയകോട്ട മാരിയമ്മന്‍ ദേവസ്ഥാനം സേവാ സമിതി പ്രസിഡണ്ടുമായ തണ്ണോടത്ത് ചന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിനശിച്ചത്.
പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. സമീപത്ത് താമസിക്കുന്ന കുടുംബ സുഹൃത്ത് മധുവാണ് ആദ്യം ശബ്ദം കേട്ടത്. ചന്ദ്രന്റെ സഹോദരന്‍ രവിയെ ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് രവിയും ഭാര്യയും പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് ചന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തുന്നത് കണ്ടത്.
കെഎല്‍ 60 ജി 5419 മിനി ടെമ്പോ, കെഎല്‍ 14 ഇ 9710 നമ്പര്‍ ബൈക്കുമാണ് കത്തി നശിച്ചത്. ഉടന്‍ തന്നെ വീട്ടിലേയും അയല്‍ വീട്ടിലേയും പമ്പുകള്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായും ടെമ്പോ ഭാഗികമായും കത്തിനശിച്ചിരുന്നു. തീപ്പിടുത്തത്തില്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതിലും മറ്റും കത്തുകയും ചെയ്തിരുന്നു. ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. മക്കള്‍ വിദേശത്താണ്.
ചന്ദ്രന്‍ പുതിയ കോട്ടയിലെ ടെമ്പോ സ്റ്റാന്റിലെ ഡ്രൈവറാണ്. തീവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. രാഷ്‌ട്രീയ വിരോധമായിരിക്കാം തീവെപ്പിന് പിന്നിലെന്നുമാണ് പോലീസിന്റെ സംശയം. ഹൊസ്ദുര്‍ഗ് പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















