തിരുവനന്തപുരം: എയർമാർഷൽ അമിത് തിവാരി ദക്ഷിണവ്യോമസേന മേധാവിയായി ചുമതലയേറ്റു. ആക്കുളം വ്യോമസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും തുടർന്ന് ചുമതല ഏറ്റെടുക്കുകയുമായിരുന്നു.
1982 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ യുദ്ധ വൈമാനികനായി ചേർന്ന അമിത് തിവാരി നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർത്ഥിയാണ്. മികച്ച അനുഭവസമ്പന്നനായ അദ്ദേഹം 3500 മണിക്കൂറോളം വിവിധ യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. മികച്ച വിമാന പരിശീലകൻ കൂടിയായ അമിത് തിവാരി വെല്ലിങ്‌ടണ്ണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, സെക്കന്തരാബാദിലെ കോളേജ് ഓഫ് ഡിഫൻസ് മാനേജുമെന്റ്, ന്യൂദൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
37 വർഷത്തെ സേവനത്തിനിടയിൽ എയർമാർഷൽ സൂര്യകിരൺ സ്ക്വാഡ്രന്റെ ടീം ലീഡർ, പ്രമുഖ വ്യോമസേനാ കേന്ദ്രത്തിന്റെ സ്റ്റേഷൻ കമാൻഡർ, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എയർ അറ്റാഷെ, ഓപ്പറേഷണൽ കമാർഡിൽ എയർ ഡിഫൻസ് കമാൻഡറായും അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (ട്രെയിനിംഗ്), എയർഫോഴ്സ് അക്കാദമി കമാൻഡന്റ് എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേൽക്കുന്നതിന് മുൻപ് വ്യോമസേനാ ആസ്ഥാനത്ത് പേഴ്സണൽ വിഭാഗം മേധാവിയായിരുന്നു.
















