തലശ്ശേരി: സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. 2016 ജൂലൈ 12 ന് പുലര്‍ച്ചെ കരിവെള്ളൂരിലെ മണക്കാപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വി.പി. രാമചന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറും രണ്ട് ബൈക്കുകളും തീവെച്ച് നശിപ്പിച്ച കേസാണ് പിൻവലിപ്പിക്കാൻ ശ്രമിച്ചത്.
കേസിലെ പ്രതികളും സിപിഎമ്മുകാരുമായ പെരളത്തെ പി. ശ്രീജിത്ത്, പി.കെ. രാഹുല്‍, രമേശന്‍, കെ.എസ്. റനീഷ്, കെ. പ്രശോഭ് എന്നിവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രോസിക്യൂഷന്‍ നല്‍കിയ ഹർജിയാണ് ജഡ്ജ് ആര്‍.എല്‍ ബൈജു തള്ളിയത്. പ്രശോഭ്, റനീഷ് എന്നിവര്‍ രാമചന്ദ്രന്‍ കൊലക്കേസിലും പ്രതികളാണ്.
ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച രണ്ട് കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. വെള്ളൂരിലെ ശ്യാം കുമാറിന്റെ സ്‌പെയര്‍ പാര്‍ട്‌സ് കട തീവെച്ച് നശിപ്പിച്ച് കേസാണ് പിന്‍വലിക്കാന്‍ നീക്കം നടത്തിയ രണ്ടാമത്തെ കേസ്. രണ്ട് കേസുകളും പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ശേഷം നടത്തിയ അക്രമപ്രവര്‍ത്തികളുമായി ബന്ധപ്പെട്ടവയാണ്.
കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹർജിയില്‍ കോടതി പരാതിക്കാര്‍ക്ക് നോട്ടീസ് അയക്കുകയും പരാതിക്കാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി പ്രതികള്‍ക്കെതിരെ പരാതിയുണ്ടെന്നും ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് വാദംകേട്ട കോടതി സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായല്ല കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നും ഈ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതിയുക്തമല്ലെന്നും രാഷ്‌ട്രീയ ചായ്‌വിന്റെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കാനുള്ള ഹരജി തള്ളിയത്. കേസില്‍ ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി. പ്രേമരാജന്‍ ഹാജരായി.
















