കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടില്‍ നശിച്ചുപോയത് ഒരുലക്ഷത്തോളം നേന്ത്രവാഴക്കന്നുകള്‍. പ്രതീക്ഷയും അദ്ധ്വാനവും തല്ലിക്കെടുത്തിയ പ്രകൃതിയുടെ വികൃതിക്കുമുന്നില്‍ പകച്ചു നില്‍ക്കുകയാണ് അരയി പുഴയോരത്തെ കര്‍ഷകര്‍. മടിക്കൈയിലെയും കാഞ്ഞങ്ങാട്ടെയും അരയി പുഴയോരത്തെ അഞ്ഞൂറോളം വരുന്ന നേന്ത്രവാഴക്കര്‍ഷകര്‍ക്കാണ് കഴിഞ്ഞ രണ്ടുദിവസം നിര്‍ത്താതെ പെയ്ത തുലാമഴ കണ്ണീര്‍മഴയായി മാറിയത്. കാഞ്ഞങ്ങാട് കൃഷിഭവനു കീഴിലെ മുട്ടോച്ചിറ, അരയി, കാര്‍ത്തിക, അരയാലിന്‍കീഴില്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം വ്യാപകമായത്.
മടിക്കൈയിലെ കണിച്ചിറ, നാദക്കോട്ട്, ആലയി, കീക്കാംകോട്ട്, പുളിക്കാല്‍, തുടങ്ങിയ സ്ഥലങ്ങളിലെ 22, 000 വാഴകളും ചീഞ്ഞു നശിച്ചു. ഇവിടെ 8.08 ഹെക്ടറിലെ വാഴക്കന്നുകളാണ് ചീഞ്ഞത്. ഒരു മാസം തികയുന്നതിനുമുമ്പ് വെള്ളം കെട്ടി നിന്ന് കന്നുകള്‍ മുഴുവന്‍ ചീഞ്ഞുപോവുകയായിരുന്നു. വാഴകൃഷിക്ക് കീര്‍ത്തികേട്ട പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് മഴ വരുത്തിയത്. മടിക്കൈ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലുമായി ഒരുലക്ഷത്തോളം നേന്ത്രവാഴത്തൈകളാണ് വെള്ളം കയറി നശിച്ചത്. ചാളക്കടവ്, പുതിയകണ്ടം, കക്കാട്ട്, ചാര്‍ത്തങ്കാല്‍, മണക്കടവ്, അരയി, മുട്ടറക്കല്‍, ഉപ്പിലിക്കൈ, മോനാച്ച, കാര്‍ത്തിക പ്രദേശത്തെ കൃഷിയിടങ്ങളിലാണ് വ്യാപക നാശമുണ്ടായത്. രണ്ടുമാസത്തോളം പ്രായമായ വാഴകളെയാണ് തുലാമഴ അപ്പാടെ മുക്കിക്കളഞ്ഞത്. മഴ ശമിച്ചിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും വെള്ളമിറങ്ങാത്തതിനാല്‍ ഇനി വാഴത്തൈകള്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വാഴക്കന്നിനും കൂലിയും വളവുമായി വലിയൊരു തുക ചെലവഴിച്ചാണ് ഇവര്‍ കൃഷിക്ക് തുടക്കമിട്ടത്. ആയിരങ്ങളുടെ നഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്. മൊത്തം വിളനഷ്ടം കണക്കാക്കിയാല്‍ ഇത് ലക്ഷങ്ങള്‍ കടക്കും. പരമ്പരാഗതരീതിയില്‍ വര്‍ഷങ്ങളായി നേന്ത്രവാഴക്കൃഷി പ്രധാന ഉപജീവനമാക്കിയവരാണ് ഈ കര്‍ഷകര്‍. എല്ലാവര്‍ഷവും ചിങ്ങമാസത്തില്‍ കൃഷിയിറക്കി മേടത്തിലും ഇടവത്തിലുമായി വിളവെടുക്കുന്ന രീതിയിലാണ് അരയി പുഴയോരത്തെ വാഴക്കൃഷി. ഇത്തവണ നിര്‍ത്താതെ പെയ്ത മഴയില്‍ പുഴയോരത്തെ വയലിലും പറമ്പുകളിലും വെള്ളമിറങ്ങാന്‍ വൈകിയതിനാല്‍ കന്നിമാസത്തിലാണ് മിക്ക കര്‍ഷകരും വാഴ നട്ടത്.
ഒരുകര്‍ഷകന് ഏറ്റവും ചുരുങ്ങിയത് 500 വാഴകളെങ്കിലുമുണ്ടാകും. രണ്ടായിരവും മൂവായിരവും വാഴകള്‍ കൃഷിയിറക്കുന്നവരുമുണ്ട്. കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച വിളവ് കിട്ടിയതിനാല്‍ ഇക്കുറി കൂടുതല്‍ കര്‍ഷകര്‍ വാഴക്കൃഷിയുമായി രംഗത്തെത്തിയിരുന്നു. ആലയി മുട്ടറക്കലില്‍ തെങ്ങിന്‍തോപ്പുകള്‍ക്കിടയിലും വയലിലും കൃഷിയിറക്കിയ അബൂബക്കര്‍ മുണ്ടോട്ട്, മധു പുത്തങ്കൈ, അബ്ദുള്‍റഹിമാന്‍ പുത്തങ്കൈ എന്നിവരുടെ നാലായിരത്തോളം വാഴകളാണ് വെള്ളത്തിനടിയിലായത്. അടുത്തദിവസം കോഴിവളം ഇറക്കാനിരിക്കെയാണ് ഇവരുടെ വിള അപ്പാടെ നശിച്ചത്.
വിപണിയില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചവയാണ് മടിക്കൈയിലെ നേന്ത്രക്കായകള്‍. ഓരോ വര്‍ഷവും രണ്ടുകോടിയോളം രൂപയുടെ നേന്ത്രക്കായകളാണ് മടിക്കൈയില്‍ നിന്നും വിപണിയിലെത്തിയിരുന്നത്. മടിക്കൈ വി.എഫ്.പി.സി.കെ. തന്നെ ഇത്തവണ 1,40,000 വാഴക്കന്നുകള്‍ വിതരണം ചെയ്തിരുന്നു.
തോല്‍, വളം എന്നിവ ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയി. വാഴക്കന്ന് ഒന്നിന് 15 രൂപ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കര്‍ഷകര്‍ വാഴക്കന്നുകള്‍ എത്തിക്കുന്നത്. വാഴയ്‌ക്ക്ക്ക് ഒന്നിന് ഇപ്പോള്‍ത്തന്നെ നൂറ് രൂപയോളം ചിലവായിട്ടുണ്ട് കര്‍ഷകര്‍ നൂറു മുതല്‍ ആയിരം വാഴകള്‍ വരെ നട്ടു വളര്‍ത്തുന്നവരാണ്. വയല്‍ പാട്ടത്തിനെടുത്തും ബാങ്കില്‍ നിന്നും വായപ എടുത്തുമാണ് മടിക്കൈയിലെ കര്‍ഷകര്‍ നേന്ത്രവാഴ കൃഷി നടത്തുന്നത്.കഴിഞ്ഞ മെയ് മാസമുണ്ടായ കാറ്റില്‍ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്.
















