തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കമ്മ്യൂണിസ്റ്റ് തട്ടിപ്പ് സഘത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കള്ളത്തരം കൈയോടെ പിടിച്ചപ്പോള്‍ പണം തിരികെ നല്‍കുമെന്ന് ഇടത് ആക്റ്റിവിസ്റ്റ് സുനിത ദേവദാസ്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിതാ സഖാവാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. തനിക്ക് ക്യാന്‍സറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച് ഫേസ്ബുക്കില്‍ ഇവര്‍ പോസ്റ്റിടുകയായിരുന്നു. ഒപ്പം, തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സൈബര്‍ സഖാക്കള്‍ പിരിവ് തുടങ്ങിയത്. കാനഡയില്‍ താമസിക്കുന്ന സുനിത ദേവദാസാണ് പിരിവിന് ചുക്കാന്‍ പിടിച്ചത്. സുനിത വനിത സഖാവിന്റെ അക്കൗണ്ടിലേക്ക് പണം ഇടണമെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങളാണ് അക്കൗണ്ടിലേക്ക് വന്നത്.
സിപിഎം അനുഭാവമുള്ളവര്‍ വനിത സഖാവിന്റെ അക്കൗണ്ട് നമ്പര്‍ അടക്കം ചില ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനും നേതൃത്വം നല്‍കിയത് സുനിത ദേവദാസാണ്. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസം മുന്‍പ് വനിത സഖാവിന് ക്യാന്‍സര്‍ പോയിട്ട് ജലദോഷം പോലുമില്ലെന്ന മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നു. തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ചുള്ള പോസ്റ്റ് സുനിത ദേവദാസ് ഡിലീറ്റ് ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. പണം നല്കിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. എന്നാല്‍, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു.
സത്യം എല്ലാവരും അറിഞ്ഞതോടെ പണംപിരിവിന് നേതൃത്വം നല്കിയ സുനിത വീണ്ടും നന്മമരം ചമഞ്ഞ് സോഷ്യല്‍ മീഡിയിയില്‍ എത്തി. തനിക്ക് തട്ടിപ്പിനെ കുറിച്ച് അറിവില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പണപിരിവിന് നേതൃത്വം നല്കി സുനിതയാണ് തങ്ങളെ പറ്റിച്ചതെന്ന് പറഞ്ഞ് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് മാരാരിക്കുളത്തെ വനിത സഖാവ് കാര്‍ അടക്കം വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
യുവതിയുടെ ചികിത്സയ്ക്കു വേണ്ടി നമ്മള് പണം പിരിച്ചതിന്റെ കണക്കടക്കം തരാമെന്ന് സുനിത നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ”ഇപ്പോള്‍ ചികിത്സക്ക് അത്യാവശ്യത്തിനുള്ള പണം ആയിട്ടുണ്ട്. നമ്മല് പിരിവ് തത്കാലം നിര്‍ത്തുന്നു പൈസയുടെ കണക്കും കാര്യങ്ങളും ഒക്കെ യുവതി ആശുപത്രിയില്‍ നിന്ന് വന്നതിനു ശേഷം വിശദമായി പോസ്റ്റ് ഇടാം (ബാങ്ക് സ്റ്റേറ്റ്മെന്റും ആശുപത്രി ബില്ലുകളും ഉള്‍പ്പെടെ) സഹായിച്ച എല്ലാവര്ക്കും നന്ദി, സ്നേഹം. ഇങ്ങനെയൊക്കെയല്ലേ നമ്മള് മനുഷ്യരാകുന്നത്” എന്നാണ് അന്നു സുനിത കുറിച്ചത്. എന്നാല്‍ തട്ടിപ്പിന്റെ വാര്‍ത്ത ജന്മഭൂമി നല്‍കിയതോടെ ഈ പോസ്റ്റ് അടക്കമുള്ളത് സുനിത ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫിറോസ് കുന്നംപറമ്പിലിന്റേതടക്കം സാമ്പത്തിക ഇടപാടുകള്‍ ആരോപണ വിധേയമായ സമയത്ത് തന്നെയാണ് ഇത്തരത്തില്‍ ചികിത്സസഹായത്തിന്റെ പേരില്‍ കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: