തിരുവനന്തപുരം: ഗവ. മാധവകവി സ്മാരക കോളേജ് പ്രിന്‍സിപ്പാളിനെ എസ്എഫ്‌ഐക്കാരായ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം.
കഴിഞ്ഞ വെള്ളിയാഴ്ച കോളേജില്‍ ഹാജര്‍ കുറവായ കുട്ടികള്‍ക്ക് അത് നല്‍കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിന്‍സിപ്പാളിനെ കണ്ടിരുന്നു. എന്നാലിത് അനുവദിക്കാനാവില്ലെന്ന് പ്രിന്‍സിപ്പാള്‍ ചാന്ദ്നി സാം അറിയിച്ചു. അനുവാദമില്ലാതെ പലവട്ടം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ തള്ളിക്കയറുകയും ഭീഷണി മുഴക്കുകയും ചെയ്ത അഞ്ചു കുട്ടികളെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഇന്നു മുതല്‍ സമരത്തിനൊരുങ്ങുന്നത്.
കോളേജ് യൂണിയന് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐയാണ്. തങ്ങളുടെ യൂണിയനിലുളള കുട്ടികള്‍ക്ക് അനധികൃതമായി ഹാജര്‍ അനുവദിക്കണമെന്നതാണ് യൂണിയന്റെ ആവശ്യം. ഇതിന് നിര്‍വാഹമില്ലെന്നും കോളേജിന്റെ അച്ചടക്കം നഷ്ടപ്പെടുത്തുന്നതിനെതിരെ നടപടി വേണമെന്ന കോളേജ് കൗണ്‍സിലിന്റെ തീരുമാനമനുസരിച്ചായിരുന്നു സസ്പെന്‍ഷന്‍ നടപടിയെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
കോളേജ് യൂണിയന്‍ ഭാരവാഹികളും നടപടി നേരിടുന്നുണ്ട്. ഇന്ന് വിദ്യാര്‍ഥികളിലൊരാള്‍ക്ക് യൂണിവേഴ്സിറ്റി പരീക്ഷയുമുണ്ട്. ഈ സാഹചര്യത്തില്‍ അച്ചടക്കം ലംഘിച്ചതിന് വിദ്യാര്‍ഥികള്‍ ഖേദം എഴുതി നല്‍കിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞു.
















