കൊച്ചി: മേയര്‍ സൗമിനി ജെയിനിനെ മാറ്റുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തമ്മിലടി മുറുകുന്നു. മേയറെ തല്കാലം മാറ്റേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ചുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന നേതാക്കള്‍ ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. മേയറെ അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട അവര്‍ ഇക്കാര്യം കെപിസിസിയേയും അറിയിക്കും. വി.ഡി. സതീശന്, കെ.വി. തോമസ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷന്, ടി.ജെ. വിനോദ്, പി.ടി. തോമസ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കൊച്ചി കോര്പ്പറേഷന് ഭരണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് ദിവസത്തെ വെള്ളക്കെട്ടും തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റേയും പേരില്‍ മേയര്‍ക്കും കോര്‍പ്പറേഷനും എതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നും പുറത്തു നിന്നും ഉയര്‍ന്നത്. മേയര്‍ രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. എന്നാല്‍ കൊച്ചി മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിക്കുകയായിരുന്നു.
മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്നും വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നുമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: