ആലപ്പുഴ: അരൂർ മണ്ഡലത്തില്‍ 39 സെന്‍സിറ്റീവ് ബൂത്തുകൾ. ഇതില്‍ മൂന്നു ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരുടെ സേവനവും 36 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നീരിക്ഷണത്തിന് കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്. 36 മാതൃകാ പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുമുണ്ട്.
864 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോളിങ് ദിവസം നിയോഗിച്ചിട്ടുള്ളത്. റിസര്‍വ് ഉള്‍പ്പടെ 216 ഒന്നാം പോളിങ് ഓഫീസര്‍മാര്‍, റിസര്‍വ് ഉള്‍പ്പടെ 216 രണ്ടാം പോളിങ് ഓഫീസര്‍മാര്‍, റിസര്‍വ് ഉള്‍പ്പടെ 216 മൂന്നാം പോളിങ് ഓഫീസര്‍മാര്‍, റിസര്‍വ് ഉള്‍പ്പടെ 216 പ്രിസൈഡിങ് ഓഫീസര്‍മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
218 കണ്‍ട്രോള്‍ യൂണിറ്റ്, 220 ബാലറ്റ് യൂണിറ്റ്, 233 വിവിപാറ്റ് എന്നിവയാണ് ഉപയോഗിക്കുന്നത്. 14 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഡിഫേസ്മെന്റിന്റെ നാലു സ്‌ക്വാഡുകളും വിഡിയോ വ്യൂവിങ്ങിന് ഒരു സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സിന് ഒമ്പത് സ്‌ക്വാഡുകളും ആറ് ഫളൈയിങ് സ്‌ക്വാഡുകളും നിയോഗിച്ചിട്ടുണ്ട്.
പോളിങ് സ്റ്റേഷനു 100 മീറ്റര്‍ ചുറ്റളവില്‍ വോട്ട് ക്യാമ്പയിന്‍ നിര്‍ബന്ധമായും ഒഴിവാക്കണം. 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ അനുവദിക്കില്ല. വോട്ടേഴ്സ് സ്ലിപ് വിതരണം പൂര്‍ത്തിയായിട്ടുണ്ട്. വോട്ടർപ്പട്ടികയിൽ 161 പേരുകൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പന്തീരായിരത്തോളം ഇരട്ടവോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്ന് യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്.
പട്ടികയില്‍ അടുത്തടുത്തായി രേഖപ്പെടുത്തിയതും രണ്ടു ബുത്തുകളില്‍ ഉള്‍പ്പെടുത്തിയതും അടക്കമുള്ള ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. ഇവ പ്രത്യേകം മാര്‍ക്ക് ചെയ്ത് പരിശോധിക്കുമെന്നും, ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നടപടി ഉറപ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി.
















