കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ സ്വപ്‌നങ്ങളും പ്രഖ്യാപനങ്ങളും നിലപാടുകളും ഉള്‍പ്പെടുത്തി ‘മുത്തൂസ് 5 പോയിന്റ് വിഷന്‍ ഫോര്‍ എ ബെറ്റര്‍ എറണാകുളം’ എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കി. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ പൊതുകാര്യ നയവിദഗ്‌ദ്ധ വിനീത ഹരിഹരന്‍, ഗുജറാത്തില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍, വി.എന്‍. വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ഥാനാര്‍ഥി സി.ജി. രാജഗോപാല്‍ പ്രകടന പത്രിക പുറത്തിറക്കി.
ജനകീയപങ്കാളിതത്തോടെ താഴേക്കിടയിലേയ്‌ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പദ്ധതികളും ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് സി.ജി. രാജഗോപാലിന്റെ അഞ്ചിന പരിപാടികള്‍. അഞ്ചിന കര്‍മപരിപാടിയില്‍ ആദ്യപരിഗണന എംഎല്‍എ ഓഫീസിന്റെ സേവനം ഓരോ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിക്കുന്നതിനാണ്, അതാതയത് 24 മണിക്കൂറും ജനങ്ങള്‍ക്ക് ബന്ധപ്പെടാനാകുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉണ്ടാകും.
പരാതികള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ് സംവിധാനം തയ്യാറാക്കും. പ്രശ്‌നപരിഹാരത്തിനായി ജനങ്ങളുടെ വീടുകളിലേയ്‌ക്ക് എത്തും. പരിഹാരം കാണുന്നത് വരെയുള്ള സഹായം ഉറപ്പ് വരുത്തും. രണ്ട്, എറണാകുളത്തെ യാത്രാ ദുരിതത്തിന് പരിഹാരം കണ്ടെത്തും. സ്മാര്‍ട്ട് സിറ്റി മിഷന്റെ സഹായത്തോടെ കൊച്ചിയുടെ റോഡ് വികസനത്തിനായുള്ള ഫണ്ട് കണ്ടെത്തും. കേന്ദ്ര ബജറ്റില്‍ സ്മാര്‍ട്ട് സിറ്റി മിഷന് വകയിരുത്തിയ 9.940 കോടി രൂപയില്‍ നിന്ന് കൊച്ചിയുടെ വിഹിതം വാങ്ങിയെടുക്കും.
മൂന്നാമത്തേത്, ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമായ മാലിന്യസംസ്‌ക്കരണവും മാലിന്യനിര്‍മാര്‍ജ്ജനവും നടപ്പിലാക്കും. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്‍ഡോര്‍ മാതൃകയില്‍ എറണാകുളത്ത് മാലിന്യസംസ്‌ക്കരണ നിര്‍മാര്‍ജ്ജന പരിപാടി നടപ്പിലാക്കും. സ്വച്ഛ് ഭാരത് മിഷനുമായി ചേര്‍ന്ന കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യും. നാല്, മാലിന്യം കെട്ടിക്കിടക്കുന്ന ഓടകള്‍ വൃത്തിയാക്കും. പ്രശ്‌നം പരിഹാരിക്കാന്‍ കേന്ദ്ര സഹായത്തോടെ ഐഐടി പോലുള്ള ഇന്‍സ്റ്റ്ിറ്റിയൂട്ടുകളില്‍നിന്ന് വിദഗ്‌ദ്ധരെ എത്തിച്ച് പഠനം നടത്തി സ്‌കെച്ച് തയ്യാറാക്കി ഓടകള്‍ തമ്മില്‍ ബന്ധിപ്പിക്കാനും മലിനജലം കെട്ടികിടക്കുന്ന ഓടകള്‍ വൃത്തിയാക്കാനും നടപടി കൈക്കൊള്ളും. അവസാനത്തേത്, കനാലുകള്‍ വൃത്തിയാക്കി അധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി എടുക്കും. കനാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി യുകെയിലെ കനാല്‍ ആന്‍ഡ് റിവര്‍ ട്രസ്റ്റിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ നിര്‍ദ്ദേശത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
ഇന്ത്യയെ നിക്ഷേപ സൗഹൃദ രാഷ്‌ട്രമാക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ നൈപുണ്യവും അതുവഴി തൊഴിലവസരങ്ങളും നല്‍കാനുമുള്ള മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം പിന്തുണ നല്‍കേണ്ടതുണ്ടെന്നും എറണാകുളം മണ്ഡലത്തിന്റെ നാഡീസ്പന്ദനങ്ങള്‍ അറിയുന്ന രാജഗോപാലിനെ വിജയിപ്പിക്കണമെന്നും വിനീത ഹരിഹരന്‍ പറഞ്ഞു. വികസനത്തിന് ഒട്ടേറെ മാതൃകകള്‍ ഉണ്ടെന്നും പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്തതും വീക്ഷണം ഇല്ലാത്തതുമാണ് കേരളം നേരിടുന്ന പ്രശ്‌നമെന്നും ഡോ. ജയചന്ദ്രന്‍ പറഞ്ഞു. എറണാകുളത്തിന്റെ മണ്ണ് ഇത്രയേറെ മനസ്സിലാക്കിയിട്ടുള്ള രാജഗോപാലിന് വ്യക്തമായ വികസന കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















