എന്റെ വിഭൂതികള്‍ക്കൊരന്ത്യവുമില്ല. ശ്രേഷ്ഠത്വമുള്ള എല്ലാത്തിലേയും ഏറ്റവും ശ്രേഷ്ഠമായത് ഞാനാണ്. മഹത്വമേറിയതിലെല്ലാത്തിലും വെച്ച് ഏറ്റവും മഹത്വമുള്ളതും ഞാനാണ്. ഈ പ്രപഞ്ചം എന്നെ ആധാരമാക്കി നിലനില്‍ക്കുന്നു എന്നും അറിയുക. വേദങ്ങളില്‍ വിവരിക്കുന്ന വിശ്വരൂപത്തെക്കുറിച്ചുള്ള വസ്തുതാപരമായ ഉദാഹരണങ്ങളാണ് വികാര വിചാര ദ്രവ്യസ്ഥാവര ജംഗമ മനുഷ്യ മൃഗ സസ്യലതാദികളുടെ ഉദാഹരണത്തിലൂടെ കൃഷ്ണന്‍ അര്‍ജുനന് നല്‍കുന്നത്.
വിശ്വരൂപ ദര്‍ശനയോഗം
ഈ പ്രപഞ്ചചൈതന്യത്തിനാധാരമായ സ്രോതസ്സ് താന്‍ സ്വയമാണെന്ന് ശ്രീകൃഷ്ണന്‍ വിവരിച്ചപ്പോള്‍, അത്രയും മഹത്തായ പ്രപഞ്ചത്തിന്റെ യഥാര്‍ഥരൂപം അകക്കണ്ണുകൊണ്ടെങ്കിലും കാണുവാന്‍ സാധിക്കണമെന്ന ആഗ്രഹം അര്‍ജുനന്‍ ശ്രീകൃഷ്ണനോട് പറഞ്ഞഭ്യര്‍ഥിക്കുന്നു. അതിനു മറുപടിയായി നിന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് എന്റെ വിശ്വരൂപം കാണുവാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ നിനക്ക് ദിവ്യചക്ഷുസ്സ് നല്‍കാമെന്നും അതിലൂടെ നിന്റെ അതിമഹത്തായ വിശ്വരൂപം കാണൂ എന്നും ഭഗവാന്‍ കൃഷ്ണന്‍ നിര്‍ദേശിക്കുന്നു. ദൂരെ മാറി നിന്ന് സഞ്ജയനും ആ വിശ്വരൂപം കണ്ടത്ഭുതസ്തബ്ധനാകുന്നത് ധൃതരാഷ്‌ട്രനോട് വിവരിക്കുന്നു.
ദിവ്യമായ വിശ്വരൂപ ശരീരം, നേത്രങ്ങള്‍, മുഖങ്ങള്‍ ആയിരക്കണക്കിന് സൂര്യനുദിക്കുന്ന പ്രതീതി. മറ്റൊന്നിനോട് തുലനം ചെയ്യാന്‍ സാധിക്കാത്ത രൂപം കണ്ട് അത്ഭുത സ്തബ്ധനായി അര്‍ജുനന്‍ കൃഷ്ണന്റെ വിശ്വരൂപത്തെ പ്രകീര്‍ത്തിക്കുന്നു. വിശ്വരൂപത്തില്‍ അര്‍ജുനന് കാണുവാന്‍ സാധിച്ച രൂപങ്ങളും, ഭാവങ്ങളും, അനന്തതയും വ്യാപ്തിയും പ്രകാശവും ശബ്ദവും ഉഗ്രരൂപവും ദേവന്മാര്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നതും എല്ലാം തന്നെ അര്‍ജുനനന്‍ പ്രാര്‍ഥനാ രൂപത്തില്‍ വിവരിക്കുന്നു. വിശ്വരൂപത്തിലുള്ള ദംഷ്‌ട്രവും നിറങ്ങളും ഭൂമിയിലുള്ള എല്ലാം തന്നെയും ജനനമരണപ്രക്രിയയും അതേ വിശ്വരൂപ ശരീരത്തില്‍ പാണ്ഡവരേയും കൗരവരേയും യുദ്ധക്ഷേത്രവുമെല്ലാം അര്‍ജുനനന്‍ ഭയഭീതിയോടെ കാണുന്നു. കൈകൂപ്പി നിന്ന് വിശ്വരൂപത്തിലുള്ള കൃഷ്ണനോട് പ്രാര്‍ഥിക്കുന്നു. അനുഗ്രഹിക്കാനായി അപേക്ഷിക്കുന്നു.
ഇതു കേട്ട് വിശ്വരൂപകൃഷ്ണന്‍ വിവരിക്കുന്നു. ഞാനാണ് കാലം, ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരത്തിന് ആധാരമായ ശക്തി. കാലം എല്ലാവരേയും അതാത് സമയത്ത് നശിപ്പിക്കുകയും പുനര്‍സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ധീരനായ അര്‍ജുനാ, എഴുന്നേറ്റ് നീ നിന്റെ കര്‍മമനുഷ്ഠിക്കൂ എന്ന് നിര്‍ദേശിക്കുന്നു. കാലത്തിന്റെ ഈ രൂപഭാവങ്ങള്‍ കണ്ട് അര്‍ജുനാ നീ ഭയപ്പെടേണ്ടതില്ല എന്നും നിര്‍ദേശിക്കുന്നു. ഉപാധികളില്ലാതെ അര്‍ജുനന്‍ കൃഷ്ണന് കീഴടങ്ങി കരഞ്ഞു കൊണ്ട് പ്രാര്‍ഥിക്കുന്നു.
(‘ഭഗവദ്ഗീതാസന്ദേശം നിത്യജീവിതത്തില്‍’എന്ന പുസ്തകത്തില്‍ നിന്ന്)
















