ഭഗീരഥശ്ചൈകലവ്യോ മനുര്‍ധന്വന്തരിസ്ഥതാ
ശിബിശ്ച രന്തിദേവശ്ച പുരാണോദ്ഗീതകീര്‍ത്തയഃ
ശരണാഗത വത്സലനായ ശിബി ചക്രവര്‍ത്തി ഉശീനരാധിപനായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രന്‍ ശിബി ചക്രവര്‍ത്തിയെ പരീക്ഷിക്കുവാന്‍ തീരുമാനിച്ച് പേടിച്ചരണ്ട ഒരു പ്രാവിന്റെ രൂപത്തില്‍ അഗ്നിദേവനെ, അദ്ദേഹത്തിനടുത്തേക്ക് അയച്ചു. ആ പ്രാവ് രാജാവിന്റെ മടിയില്‍ ഒളിച്ചിരിക്കാനുള്ള സ്ഥാനം തേടുകയായിരുന്നു. അപ്പോഴേക്കും ഇന്ദ്രന്‍ ഒരു പരുന്തിന്റെ വേഷത്തില്‍ അവിടെ എത്തി. പ്രാവ് തന്റെ ഭക്ഷണമാണെന്നും അതിനെ വിട്ടു കിട്ടണമെന്നും പറഞ്ഞു. പ്രാവിനു പകരമായി മറ്റൊന്നിനേയും സ്വീകരിക്കാന്‍ പരുന്ത്് തയ്യാറല്ലായിരുന്നു. അഭയം പ്രാപിച്ച പ്രാവിനെ വിട്ടുകൊടുക്കാന്‍ ശിബി തയ്യാറായില്ല. അവസാനം പ്രാവിന്റെ തൂക്കത്തിനു തുല്യമായ മാംസം തന്റെ ശരീരത്തില്‍ നിന്ന് നല്‍കാമെന്ന ശിബിയുടെ വ്യവസ്ഥ പരുന്ത്് സ്വീകരിച്ചു. എന്നാല്‍ ശിബിയുടെ ശരീരത്തിലെ ഓരോ അവയവത്തില്‍ നിന്നും മാംസം മുറിച്ചെടുത്ത് തൂക്കിയിട്ടും അത് പ്രാവിന്റെ മാംസത്തിനു തുല്യമായില്ല. അതോടെ ശിബി സ്വയം ആ പരുന്തിന് ഭക്ഷണമായി സമര്‍പ്പിച്ചു. വാക്കുപാലിക്കുന്നതില്‍ അദ്ദേഹം കാണിച്ച ദൃഢനിശ്ചയത്തില്‍ സംപ്രീതരായ ദേവകള്‍ സ്വന്തം രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നല്‍കി. അദ്ദേഹത്തിന്റെ ശരീരത്തെ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















